ഫറോക്ക്: കോവിഡ് കണക്കിലെ കളിയിൽ ഫറോക്ക് മേഖലയിലെ ബാങ്കിങ് സംവിധാനം സമ്പൂർണമായി അടച്ചുപൂട്ടിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ലോൺ തിരിച്ചടവ് ഉള്ളവരടക്കം ഇടപാടുകാർ ദുരിതത്തിലായി. ടി.പി.ആർ ശതമാന കണക്കിൽ ഡി കാറ്റഗറിയിൽ ആയതിനെ തുടർന്ന് ഫറോക്ക് - രാമനാട്ടുകര നഗരസഭകളും കടലുണ്ടി ഗ്രാമപഞ്ചായത്തും അവശ്യ സാധന കടകൾ ഒഴിച്ച് സമ്പൂർണ ട്രിപ്ൾ േലാക്ഡൗണായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ആദ്യ ദിനത്തിൽ ബാങ്കുകൾ തുറന്നെങ്കിലും സെക്ടറൽ മജിസ്ട്രേറ്റും പൊലീസും എത്തി മേഖലയിലെ മുഴുവൻ ബാങ്കുകളും അടപ്പിക്കുകയായിരുന്നു.
ടി.പി.ആർ ശതമാനക്കണക്കിലെ അശാസ്ത്രീയതയിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി പ്രദേശങ്ങളിലെ നൂറുകണക്കിന് വ്യാപാരികൾ, അനുബന്ധ സ്ഥാപനങ്ങൾ, വർക് ഷോപ്പുകൾ തുടങ്ങിയവ പൂട്ടിയിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞു. ഫറോക്ക് നഗരസഭയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മൂന്നാഴ്ചമുമ്പെ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച് അടച്ചുപൂട്ടിയതായിരുന്നു. ഇതിന് തൊട്ടുപിറകെത്തന്നെ രാമനാട്ടുകരയും കടലുണ്ടിയും ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ടിരുന്നു.
ഇപ്പോഴും ഡി കാറ്റഗറിയിലായതിനാൽ ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി പ്രദേശത്തുകാർക്ക് സർക്കാർ പ്രഖ്യാപിച്ച ഞായറാഴ്ച മുതലുള്ള ഇളവുകൾ ബാധകമാവില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു വ്യാപാരികളടക്കം ഇളവുകൾക്കു വേണ്ടി കാത്തിരുന്നത്. ചെറിയ പെരുന്നാളിന് സ്റ്റോക്ക് ചെയ്ത സാധനങ്ങൾ ഈ ബക്രീദിനെങ്കിലും വിറ്റഴിക്കാമെന്ന മോഹമാണ് ടി.പി.ആർ കണക്കിലൂടെ തകർന്നടിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.