ഫറോക്ക്: പുറ്റെക്കാട്ട് ആൾപാർപ്പുള്ള രണ്ടു വീടുകൾ കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണം കവർന്നു. അരലക്ഷം രൂപയും മോഷ്ടിച്ചിട്ടുണ്ട്. ആൾത്താമസമില്ലാത്ത മറ്റൊരുവീട്ടിൽ കവർച്ചശ്രമവും ഉണ്ടായി. പുറ്റെക്കാട് മണക്കടവൻ അബ്ദുൽ ലത്തീഫിന്റെ വീട്ടിൽനിന്ന് 16 പവൻ അപഹരിച്ചു. സമീപത്തെ ഞാവേലിപ്പറമ്പിൽ സിയാദിന്റെ വീട്ടിൽനിന്ന് ആറേമുക്കാൽ പവനും 45,000 രൂപയുമാണ് നഷ്ടപ്പെട്ടത്. രണ്ടിടത്തെയും മോഷണരീതി ഒന്നുതന്നെയാണ്. വീടിന്റെ ഒന്നാംനിലയിലെ ബാൽക്കെണി വാതിൽവഴി കോണിപ്പടിയിറങ്ങി താഴെ കിടപ്പുമുറികളിൽനിന്നാണ് രണ്ടിടത്തും മോഷണം നടത്തിയത്.
ബാൽക്കെണിയിലെ ജനലിനടുത്ത വാതിലിന്റെ ലോക്ക് പൊട്ടിച്ച് താഴേക്കിറങ്ങി അബ്ദുൽ ലത്തീഫിന്റെ കിടപ്പുമുറിയിലെത്തി. അലമാരയിലെ സെൽഫിന്റെ സമീപത്തുവെച്ച് താക്കോൽ ഉപയോഗിച്ച് തുറന്നാണ് ആഭരണം കവർന്നത്. കിടപ്പുമുറിയുടെ വാതിലടക്കാതിരുന്നതാണ് മോഷണത്തിന് വഴിതുറന്നത്. അലമാരക്കടുത്ത് പഴ്സ് കിടപ്പുണ്ടെങ്കിലും അപഹരിച്ചിട്ടില്ല. മോഷണത്തിന് ശേഷം അടുക്കളഭാഗത്തെ വാതിൽ വഴിയാണ് രക്ഷപ്പെട്ടത്. സി.പി ഹാർഡ് വേഴ്സ് ജീവനക്കാരനാണ് അബ്ദുൽ ലത്തീഫ്. സിയാദിന്റെ വീട്ടിൽനിന്ന് ആറേമുക്കാൽ പവൻ സ്വർണവും 45,000 രൂപയും അപഹരിച്ചത് കിടപ്പുമുറിയിൽനിന്നാണ്. ലത്തീഫിന്റെ വീട്ടിലേക്കിറങ്ങിവന്ന അതേരീതിയാണ് ഇവിടെയും ആവർത്തിച്ചത്. ഒന്നാം നിലയിലെ മൂന്നു മുറികളിൽ ഒന്നിൽ സിയാദും കുടുംബവും കിടക്കുന്നുണ്ട്. അതുവഴിയാണ് താഴോട്ടിറങ്ങിയത്. സിയാദിന്റെ ഉമ്മ സാറാബിയുടെ സഹോദരി അസുഖംമൂലം കിടപ്പിലാണ്. ഈ മുറിയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് മോഷ്ടിച്ചത്. സുഖമില്ലാത്തതിനാൽ രാത്രിയിൽ മരുന്നുകഴിച്ചാൽ ക്ഷീണം അധികമാവും. സംഭവമറിഞ്ഞാൽപോലും പ്രതികരിക്കാൻ ശരീരശേഷി ഒട്ടുമില്ല. ഇവിടെയും വാതിൽ അടച്ചിരുന്നില്ല. സാറാബി കുടുംബശ്രീ ഭാരവാഹിയാണ്. അംഗങ്ങളിൽനിന്ന് കലക്ഷനായി ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്.
രാത്രി സുമാർ ഒരു മണിയെങ്കിലുമായിക്കാണും ഉറങ്ങാൻ കിടക്കുമ്പോഴെന്നാണ് വീട്ടുകാർ പറയുന്നത്. സമീപത്ത് ആൾത്താമസമില്ലാത്ത ഞാവേലിപ്പറമ്പിൽ ബഷീറിന്റെ വീട്ടിന്റെ പൂട്ട് തകർത്തനിലയിലാണ്. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് ഇൻസ്പെക്ടർ പി. ഹരീഷ്, എസ്.ഐ അനൂപ്, സി.പി.ഒമാരായ സനീഷ്, സുധീഷ്, സുഗേഷ്, ദിവ്യേഷ്, വിനീത്, യശ്വന്ത് എന്നിവരും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി. മണംപിടിച്ച പൊലീസ് നായ് വടക്കുമ്പാട് റെയിൽവേ പാലം വരെ പോയി നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.