ഫറോക്ക്: വിദേശമദ്യം കയറ്റിവന്ന ചരക്കുലോറിയിൽനിന്ന് പഴയപാലത്തിൽ മദ്യക്കുപ്പികൾ വീണ സംഭവത്തിൽ ലോറിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഇതുപ്രകാരം ലോറി ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഫറോക്ക് പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ 6.30നാണ് പഞ്ചാബിൽനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി പാലത്തിന്റെ ഫറോക്ക് ഭാഗത്തെ സുരക്ഷാകമാനത്തിൽ തട്ടി അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറിയിരുന്നത്. പിന്നാലെയെത്തിയ യാത്രക്കാർ അറിയിച്ചിട്ടും ലോറിക്കാർ നിർത്താതെ പോയി.
നടുറോഡിൽ കെയ്സ് കണക്കിന് മദ്യം കണ്ടതോടെ ഇതുവഴി വന്നവരെല്ലാം കൈക്കലാക്കി. കേട്ടറിഞ്ഞ് പലയിടത്തുനിന്നും ആളുകൾ എത്തിയതോടെ പാലം പരിസരത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പാലത്തിന്റെ മുകളിലെ കമാനത്തിൽ ഉടക്കിയാണ് പെട്ടികൾ താഴേക്കുവീണത്. മദ്യക്കുപ്പികൾ റോഡിലേക്ക് വീണിട്ടും ലോറി നിർത്താതെപോയത് സംശയത്തിനിടയാക്കി. ചുങ്കം ഭാഗത്തേക്കാണ് ലോറി അതിവേഗം പോയത്. പൊലീസെത്തി അവശേഷിച്ച മദ്യക്കുപ്പികൾ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 965 കുപ്പി മദ്യം കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഞ്ചാബിൽ നിർമിച്ച മദ്യം കൊല്ലത്തെ വെയർ ഹൗസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ലോറി അപകടത്തിൽപെട്ടതെന്ന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെയടിസ്ഥാനത്തിൽ പൊലീസ് വെയർഹൗസ് ജീവനക്കാരോട് ലോറിയിലുണ്ടായിരുന്ന മദ്യത്തിന്റെ കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.