ഫറോക്ക്: നിപയെ തുടർന്ന് കർശനമാക്കിയ നിയന്ത്രണങ്ങളിൽ ഇളവ്. കരുവൻതിരുത്തി കടവ്, കല്ലംപാറ റോഡ് പാലങ്ങളിലൂടെയും ഫറോക്ക് ചുങ്കം, ചെറുവണ്ണൂർ ജങ്ഷൻ ദേശീയപാതയിലൂടെയും കണ്ടെയ്ൻമെന്റ് സോണായ ഫറോക്ക് വഴി പോവുന്ന വാഹനങ്ങളെ പരിശോധനയില്ലാതെ കടത്തിവിടാൻ തുടങ്ങി.
ആറുദിവസമായി പഴുതടച്ച സുരക്ഷയൊരുക്കിയിരുന്ന പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇളവ് വ്യാഴാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, അതിർത്തികളിൽ പൊലീസ് നിരീക്ഷണം തുടരും. നിലവിൽ നിപ രോഗികളില്ലാഞ്ഞിട്ടും ഫറോക്ക് നഗരസഭയെ മൊത്തത്തിൽ പൂട്ടിയിട്ടതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.ഇതേ തുടർന്ന് അനുബന്ധ പഞ്ചായത്തായ കടലുണ്ടിയും അക്ഷരാർഥത്തിൽ കണ്ടെയ്ൻമെന്റ് സോണായി.
ഇതു സംബന്ധിച്ച് വ്യാഴാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. നിപ കണ്ടെത്തിയ ചെറുവണ്ണൂരിനെ മാത്രം ക്ലസ്റ്ററാക്കി മാറ്റുകയും അനുബന്ധ പ്രദേശങ്ങളിൽ സമ്പർക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിൽ നിർത്തണമെന്നും പല കോണുകളിൽനിന്ന് അഭിപ്രായമുയർന്നിരുന്നു.
അശാസ്ത്രീയ രീതിയിൽ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റി വ്യാപാരികളെയും നാട്ടുകാരെയും കഷ്ടത്തിലാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നറിയിപ്പ് നൽകി.
രോഗം കണ്ടെത്തിയ ഡിവിഷൻ ക്ലസ്റ്ററാക്കി മാറ്റുകയും മറ്റു ഭാഗങ്ങളിൽ നിയന്ത്രണ വിധേയമായി എല്ലാ കടകളും തുറക്കാനാ വശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കടതുറന്ന് പ്രവർത്തിക്കുന്നതടക്കമുള്ള പ്രത്യക്ഷ സമരപരിപാടികൾ ആവിക്ഷ്കരിച്ചു നടുത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കമ്മിറ്റി അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
ജില്ല സെക്രട്ടറി കെ.എം. ഹനീഫയുടെ നേതൃത്വത്തിൽ യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.കെ. വിനോദ് കുമാർ, എം.കെ. അബൂബക്കർ യൂത്ത് വിങ് മണ്ഡലം സെക്രട്ടറി അനിഷാസ്, ഫറോക്ക് യൂനിറ്റ് പ്രസിഡന്റ് എം. മമ്മുണ്ണി, വൈസ് പ്രസിഡന്റ് പി.എ. അബ്ദുന്നാസർ, യൂനിറ്റ് ട്രഷറർ നാസർ എന്നിവർ അധികൃതർക്ക് നിവേദനം നൽകി.
നിപ പ്രതിരോധ നിയന്ത്രണങ്ങളിൽ കുരുക്കിലായ ഫറോക്കിലെ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും ജില്ലയിൽ പല ഭാഗത്തും അനുവദിച്ച ഇളവുകൾ ഫറോക്കിലും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഫറോക്ക് ഏരിയ കമ്മിറ്റി മന്ത്രി മുഹമ്മദ് റിയാസിനും കലക്ടർക്കും നിവേദനം നൽകി.
നഗരസഭയിലെ എല്ലാ ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണാക്കി പൊതുജനങ്ങളെയും വ്യാപാരികളെയും ദുരിതത്തിലാക്കി അധികൃതർ നിസ്സംഗത പുലർത്തുന്നതിൽ വെൽഫെയർ പാർട്ടി ഫറോക്ക് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ഹസ്സൻ കോയ, സെക്രട്ടറി അബ്ദുൽ റഷീദ്, ട്രഷറർ പി. ഇജാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.