ഫറോക്ക്: കണ്ടെയ്ൻമെൻറ് സോണുകളായി തുടരുന്ന ഫറോക്ക് നഗരസഭയിലേയും ചെറുവണ്ണൂർ ഭാഗങ്ങളിലേയും നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും പുതിയതായി രോഗികൾ ഇല്ലാത്തതുകൊണ്ടും നിയന്ത്രണങ്ങൾക്ക് അയവുവരുത്തണമെന്നാണ് ആവശ്യമുയരുന്നത്.
ഇപ്പോഴത്തെ കടുത്ത നിയന്ത്രണങ്ങൾ കാരണം ജനജീവിതം സ്തംഭിച്ച മട്ടിലായി. കോവിഡ് മഹാമാരിക്ക് ശേഷം ജനജീവിതം സാധാരണനിലയിൽ എത്തിയ വേളയിലാണ് നിപയുടെ വരവ്. മിക്ക മേഖലകളിലും ആഴ്ചയിൽ രണ്ടോ, മൂന്നോ ദിവസം മാത്രം ജോലി ലഭിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.
കടലുണ്ടി, മണ്ണൂർ, ചാലിയം ഭാഗങ്ങളിൽനിന്ന് ജോലിക്ക് കോഴിക്കോട്ടേക്ക് പോകുന്നവരാണ് ഫറോക്ക് കണ്ടെയ്ൻമെൻറ് സോണിൽപെട്ട് ഗതികേടിലായത്. പരപ്പനങ്ങാടി, കടലുണ്ടി, ചാലിയം ഭാഗങ്ങളിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസ് സർവിസിന് കല്ലംപാറ, കരുവൻതുരുത്തി റോഡ് പാലങ്ങൾ വഴി അനുമതി നൽകിയാൽ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കപ്പെട്ടേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് കണ്ടെയ്ൻമെൻറ് സോണുകളിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നാലും മതി.
ഫറോക്ക്, ചെറുവണ്ണൂർ ഭാഗങ്ങളിലെ വ്യാപാര മേഖലയും നിശ്ചലമായി. നിയന്ത്രണങ്ങൾക്ക് വിധേയമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഫറോക്ക് സ്റ്റാൻഡിലുൾപ്പെടെ 70ഓളം ബസുകൾ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കയാണ്. ബസ് ജീവനക്കാർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഫറോക്ക് ഏരിയ ബസ് ഓപറേറ്റീവ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഫറോക്ക്: വീണ്ടും നിപ വന്നെന്ന പ്രചരണം കടലുണ്ടിയിൽ ആശങ്ക പടർത്തി. നിരീക്ഷണത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകക്ക് പനിയും മറ്റും വർധിച്ചുവെന്നും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു പ്രചരണം. പത്താം വാർഡിൽ നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവർത്തകയായിരുന്നു ഇവർ.
നാലു വാർഡുകളിലായി ആകെ അഞ്ച് പേരായിരുന്നു കടലുണ്ടിയിൽ നിരീക്ഷണത്തിൽ. ഇതിൽ മൂന്നു പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ലക്ഷണമൊന്നുമില്ലെങ്കിലും മറ്റു രണ്ടു പേരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതിലൊരാളായിരുന്നു ഈ ആരോഗ്യ പ്രവർത്തക.
സാധാരണ പനി കാരണമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നുള്ള പ്രസിഡൻറിന്റെ അറിയിപ്പ് വന്നതോടുകൂടിയാണ് ആശങ്കക്ക് അറുതിയായത്. അതേസമയം, ചെറുവണ്ണൂർ ഭാഗത്തെ വീടുകളിൽ നടത്തിയ പനി സർവേ പൂർത്തിയായി. ഫറോക്ക് നഗരസഭക്ക് കീഴിൽ കുറച്ചു ഭാഗം മാത്രമേ ഇനി സർവേ പൂർത്തിയാക്കാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.