ഫറോക്ക്: സൗദിയിൽനിന്ന് ജയിൽ മോചിതനായി തിരിച്ചെത്തുന്ന അബ്ദുൽ റഹീമിനുവേണ്ടി വീടും ബിസിനസും ഒരുക്കാൻ രണ്ടു വ്യവസായികൾ മുന്നോട്ടുവന്നതോടെ അവന് ഒരു ജീവിതസഖി വേണമെന്ന ഉമ്മ ഫാത്തിമയുടെ ആഗ്രഹം സഫലമാകുമെന്നുറപ്പിക്കാം.
നാട്ടിൽ ഡ്രൈവറായിരിക്കെ 26ാം വയസ്സിൽ സൗദിയിലെത്തി മനഃപൂർവമല്ലാത്ത കേസിൽപെട്ട് 18 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ ഇങ്ങകലെ കോടമ്പുഴയിലെ കൊച്ചു വീട്ടിലിരുന്ന് മകന്റെ ഭാവി കാര്യങ്ങളോർത്ത് വ്യാകുലപ്പെടുകയായിരുന്നു റഹിമിന്റെ ഉമ്മ.
ഓരോ മക്കളുടെയും ഭാവിയെക്കുറിച്ച് മാതാപിതാക്കൾ കണക്കുകൂട്ടുന്ന പോലെ റഹീമിനെക്കുറിച്ച് ഉമ്മ ഓരോ ദിനങ്ങളിലും സ്വപ്നം കണ്ടുകൊണ്ടേയിരുന്നു. അപ്പീലുകളിൽ കോടതികൾ വധശിക്ഷയിൽ ഉറച്ചുനിൽക്കുകയും കാലാവധി 18 വർഷമാവുകയും ഒടുവിൽ വധശിക്ഷ വിധിക്കുകയും ചെയ്തതോടുകൂടി സ്വപ്നങ്ങൾക്കെല്ലാം മങ്ങലേറ്റു. വധശിക്ഷ ഒഴിവാക്കാൻ പാരിതോഷികമായി 34 കോടി ആവശ്യപ്പെട്ടതോടെ ആഗ്രഹങ്ങളെല്ലാം വീണ്ടും അസ്തമിച്ചു.
ജനകീയ കൂട്ടായ്മയിൽ ദിവസങ്ങൾക്കുള്ളിൽ കോടികൾ പിരിഞ്ഞുകിട്ടുകയും പണം കൊടുത്താൽ മകന് മോചനം സുനിശ്ചിതവുമെന്ന് വന്നതോടെയാണ് വീണ്ടും മകനെക്കുറിച്ച് സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത്.
വ്യവസായികളായ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി വീടും ബോബി ചെമ്മണ്ണൂർ ബോച്ചെ ടീയുടെ ഫ്രാഞ്ചൈസി ആരംഭിക്കാനും അതുവഴി റഹീമിന് ജീവിതമാർഗം കണ്ടെത്താമെന്നും പ്രഖ്യാപിച്ചതോടുകൂടിയാണ് ഇനി ഒരു പ്രിയസഖിയെയാണ് വേണ്ടതെന്ന തീരുമാനത്തിലേക്ക് ഉമ്മയുടെ മനസ്സ് എത്തിച്ചേർന്നത്. ആറു മക്കളിൽ ഇളയവനാണ് റഹീം. മൂന്നു സഹോദരിമാരും രണ്ട് സഹോദരന്മാരുമാണ് റഹീമിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.