ഫറോക്ക്: നഗരസഭക്ക് കീഴിലുള്ള സ്ഥലങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ കർശന പരിശോധനകളിൽ ചെറുതും വലുതുമായ ഇരുപതോളം സ്ഥാപനങ്ങൾക്ക് പൂട്ട്. നഗരത്തിനു പുറമെ നല്ലൂർ, പേട്ട എന്നിവിടങ്ങളിലായി നിയന്ത്രണം ലംഘിച്ച് പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾക്കാണ് പൂട്ടുവീണത്. ഫ്രൂട്സ്, പച്ചക്കറി, സാനിറ്ററി കടകളെല്ലാം ഇതിൽ ഉൾപ്പെടും. ചെറുവണ്ണൂരിലും ഫറോക്ക് നഗരസഭയിലും പനി സർവേ തുടരുകയാണ്.
ചെറുവണ്ണൂരിൽ ഏഴായിരവും ഫറോക്കിൽ പതിനായിരത്തോളം വീടുകളിലും സർവേ നടന്നു. ഫറോക്ക് ചന്ത താലൂക്ക് ആശുപത്രിയിൽ പനി സംബന്ധമായ അസുഖങ്ങൾക്ക് പ്രത്യേക ക്ലിനിക് ആരംഭിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അതിനാലാണ് പനിക്ക് മാത്രമായി ക്ലിനിക് ആരംഭിക്കാൻ അധികൃതർ തയാറായത്.
അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളുടെ അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ മറ്റു വഴികളിലൂടെ വാഹനങ്ങൾ ചീറിപ്പായാൻ തുടങ്ങി. നിയന്ത്രണം കടുപ്പിച്ചതോടെ ആളുകൾ വീട്ടിൽനിന്ന് പുറത്തിറങ്ങാതെയായി. കഴിഞ്ഞ നാലു ദിവസത്തെ പൂർണ അടച്ചിടലിനെ തുടർന്ന് അങ്ങാടി വിജനമാണ്.
ഫറോക്കിനെ പോലെ കടലുണ്ടി, മണ്ണൂർ, ചാലിയം പ്രദേശത്തുള്ളവരും പ്രത്യക്ഷത്തിൽ കണ്ടെയ്ൻമെന്റ് ‘കുരുക്കിൽ’പെട്ട നിലയിലായി. ഇവർക്ക് കോഴിക്കോടുമായി ബന്ധപ്പെടണമെങ്കിൽ ഒന്നുകിൽ ഫറോക്കിലൂടെയോ ചാലിയം കടവ് വഴി ബേപ്പൂരിലൂടെയോ പോകണം. ഈ രണ്ടു ഭാഗവും കണ്ടെയ്ൻമെന്റ് സോണിൽപെടുന്നു.
ഫറോക്കിൽ നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിപ ആശങ്കയകറ്റി വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി.
നിപ ബാധയെ തുടർന്ന് അടച്ചുപൂട്ടിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മത്സ്യ, കയർ തൊഴിലാളികളും പാവപ്പെട്ട കുടുംബങ്ങളും തിങ്ങിപ്പാർക്കുന്ന കരുവൻതിരുത്തി മേഖലയിൽ അടിയന്തരമായി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓൺലൈൻ യോഗത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് വാളക്കട ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ എം.കെ. കൃഷ്ണകുമാർ, ടി. രഞ്ജിത്ത്, കണ്ണാംപുറത്ത് അച്യുതൻ, എം.കെ. അബൂബക്കർ, വേലായുധൻ പൂത്തോളത്തിൽ, എം. ശ്രുതിധരൻ, വാളക്കട കാർത്തികേയൻ, ബഷീർ അമ്പലങ്ങാടി, ജബ്ബാർ പുറ്റെക്കാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.