ഫറോക്ക്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫറോക്ക് നഗരസഭയിലെ 10ാം ഡിവിഷനിൽ (ചുങ്കം) മത്സരിക്കുന്ന ലീഗ് വിമത സ്ഥാനാർഥികൾക്ക് യു.ഡി.എഫ് പ്രവർത്തകരുടെ ഭീഷണിയെന്ന് പരാതി. ഔദ്യോഗിക യു.ഡി.എഫ് സ്ഥാനാർഥി പി. ബൽക്കീസിനെതിരെ മത്സരിക്കുന്ന ലീഗ് വിമത സ്ഥാനാർഥികളായ ജസീന മാളിയേക്കൽ, ബുഷ്റ റഹ്മാൻ എന്നിവരാണ് ലീഗ് പ്രവർത്തകരുടെ ഭിഷണിയുണ്ടെന്ന് പരാതി നൽകിയത്.
ഇല്ലാക്കഥകൾ പടച്ചുവിടുകയും അപകീർത്തിപ്പെടുത്തുകയും ഫോണിലൂടെയും മറ്റും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതായും ഇരുവരും ആരോപിച്ചു.
വിമത സ്ഥാനാർഥികൾ തെരഞ്ഞെടുപ്പു രംഗത്തുനിന്ന് പിന്മാറിയെന്ന വ്യാജപ്രചരാണവും യു.ഡി.എഫ് പ്രവർത്തകർ നടത്തുന്നതായും മത്സര രംഗത്ത് ഉറച്ചുനിൽക്കുമെന്നും പിന്മാറില്ലെന്നും ഇരുവരും വ്യക്തമാക്കി. ജസീന മാളിയേക്കലിന് കാറും ബുഷ്റ റഹ്മാന് ഓട്ടോറിക്ഷയുമാണ് ചിഹ്നങ്ങളായുള്ളത്.
ജസീന ചുങ്കം സുരക്ഷ റെസിഡൻറ്സ് അസോസിയേഷൻ മുൻ വൈസ് പ്രസിഡൻറും മുൻ എ.ഡി.എസ് സെക്രട്ടിയുമാണ്. ബുഷ്റ റഹ്മാൻ പത്താം ഡിവിഷൻ വികസന സമിതി കൺവീനറും എ.ഡി.എസ് പ്രസിഡൻറുമാണ്.
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ലീഗിലെ പുളിയാളി ആസിഫ് 290 വോട്ടുകൾക്ക് വിജയിച്ച സീറ്റാണിത്. ലീഗിെൻറ കുത്തക ഡിവിഷനായ ചുങ്കം ടൗൺ ഡിവിഷനിലെ ആരെയും പരിഗണിക്കാതെ 12ാം ഡിവിഷനിലെ കൗൺസിലറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായിരുന്ന പി. ബൽക്കീസിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രണ്ടു വിമത സ്ഥാനാർഥികൾ രംഗത്തുവന്നത്. എൽ.ഡി.എഫിെൻറ ജാസ്മിനയും സ്ഥാനാർഥിയായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.