ഫറോക്ക്: നഗരസഭയിലെ എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം വൃത്തിയുള്ളതാക്കിയും തരംതിരിച്ചും ഹരിതകർമസേനക്ക് കൈമാറണമെന്ന കർശന നിർദേശവുമായി നഗരസഭ. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം കത്തിയ പശ്ചാത്തലത്തിൽ ഹൈകോടതിയുടെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇതിന്റെ ഭാഗമായി കൗൺസിലർമാരും ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിതകർമ സേന റിസോഴ്സ് പേഴ്സൺ, ആശ വർക്കർ എന്നിവർ എല്ലാ വീടുകളിലും സന്ദർശനം നടത്തും. സഹകരിക്കാത്ത വീടുകളും സ്ഥാപനങ്ങളും പ്രത്യേകമായി നിരീക്ഷിക്കാനും നോട്ടീസ് നൽകാനും തീരുമാനിച്ചു.
മാലിന്യം അലക്ഷ്യമായി കൂട്ടിയിടുകയോ കത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. മാലിന്യം അനധികൃതമായി വഴിയരികിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു.
ഇത്തരക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. കൂടാതെ അനുമതിയില്ലാതെ നഗരസഭ പരിധിയിൽ നടത്തുന്ന തെരുവുകച്ചവടങ്ങൾ, ശീതളപാനീയങ്ങളുൾപ്പെടെയുള്ള നിരോധിത വസ്തുക്കളുടെ വിൽപന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കും. മാലിന്യം സംസ്കരിക്കേണ്ട രീതികൾ മനസ്സിലാക്കുന്നതിനായി നഗരസഭയിലെ എല്ലാ വീടുകളിലും ഹരിതകർമസേന റിസോഴ്സ് പേഴ്സൺസിന്റെ നേതൃത്വത്തിൽ സർവേ നടത്തും.
വീടുകളിലെ ജൈവമാലിന്യം സംസ്കരിക്കുന്നതിനായി ബയോബിൻ, റിങ് ബോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ നഗരസഭ പദ്ധതിയിലുൾപ്പെടുത്തി സബ്സിഡി നൽകി വിതരണം ചെയ്തുവരുന്നുണ്ട്. ഇത്തരം മാലിന്യ സംസ്കരണ യൂനിറ്റില്ലാത്ത വീടുകളിൽ അടിയന്തരമായി വാങ്ങിവെക്കണമെന്ന് നഗരസഭ നിർദേശിച്ചു.
ആരോഗ്യ വിഭാഗം, ഡിവിഷൻ സാനിറ്റേഷൻ കമ്മിറ്റികൾ, വ്യാപാരികൾ, ക്ലബുകൾ, റെസിഡന്റ് അസോസിയേഷനുകൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ, വാർഡ് ആർ.ആർ.ടികൾ, ആശ വർക്കർമാർ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് മഴക്കാലപൂർവ ശുചീകരണവും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും നടപ്പാക്കുകയെന്ന് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ്, ആരോഗ്യ സമിതി ചെയർമാൻ കെ.പി. നിഷാദ് എന്നിവർ വാർത്തക്കുറുപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.