ഫറോക്ക്: ടൂറിസം രംഗത്ത് അനന്തസാധ്യതകളുമായി അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് പുതുചരിത്രം കുറിച്ചു. ആകാശത്തും കടലിലും കരയിലുമായി അഞ്ച് നാൾ നീണ്ട പരിപാടി വൻ ജനപങ്കാളിത്തം നിറഞ്ഞതായിരുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ നടന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ്, വ്യോമ, നാവിക - കര സേനാംഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ, സേനയുടെ യുദ്ധക്കപ്പൽ പ്രദർശനം, അന്താരാഷ്ട്ര പട്ടം പറത്തൽ, സംഗീത വിരുന്ന് എന്നിവ കാണികൾക്ക് വിസ്മയവും ആവേശവും ആസ്വാദനവും പകർന്നു.
ബേപ്പൂരിന് പുറമെ ചാലിയത്തും, കോഴിക്കോട് കടപ്പുറത്തും വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സൈക്കിൾ സവാരി, വനിതകളുടെ രാത്രി നടത്തം, ഡാൻഡ് ആർട്ട് ശിൽപം, കാർണിവെൽ എന്നിവയും സംഘടിപ്പിച്ചിരുന്നു. ബേപ്പൂർ മറീന ബീച്ചിൽ ഭിന്നശേഷിക്കാർക്കായി നടത്തിയ ക്രിസ്മസ് ആഘോഷം കരുണയുടെ സംഗമമായി.
സാംസ്കാരിക ഘോഷയാത്ര, ഫുഡ് ആൻഡ് ഫ്ലീ മാർക്കറ്റ്, പാരാമോട്ടോർ ഗ്ലൈഡർ, ഫോട്ടോ പ്രദർശനം, ഫുഡ് ഫെസ്റ്റ്, കൈറ്റ് ഫെസ്റ്റിവെൽ, ജലസാഹസിക കാഴ്ച ഒരുക്കി സർഫിങ് ഡെമോ, സീറാഫ്റ്റിങ്, ബാംബുറാഫ്റ്റിങ്, വലവീശൽ മത്സരം, കാണികൾക്കായി ചൂണ്ടയിൽ മത്സരം, ചാലിയം പുളിമുട്ട് തീരത്ത് കാർണിവൽ തുടങ്ങിയവയും വാട്ടർ ഫെസ്റ്റിന്റെ ആകർഷണമായിരുന്നു.
ജല കായികമേള ആശ്ചര്യവും കൗതുക കാഴ്ചയുമൊരുക്കി. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മുഴുസമയ സാന്നിധ്യവും സംഘാടക സമിതിയുടെ പ്രവർത്തനവുമാണ് ഫെസ്റ്റിന്റെ വിജയത്തിനു കാരണം.
ബേപ്പൂർ: ജലമേളയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര ബേപ്പൂരിന്റെ മാമാങ്കമായി മാറി. വിവിധങ്ങളായ കലാരൂപങ്ങളാണ് ഘോഷയാത്രയിൽ ഒരുക്കിയത്. മയൂരനൃത്തം, കഥകളി, ഭരതനാട്യം, മയിലാട്ടം, പുലികളി, കളരി, ഒപ്പന, തെയ്യം, മാർഗംകളി തുടങ്ങി ഉത്സവവേളകളിൽ മാത്രം കാണാറുള്ള കലാരൂപങ്ങൾ പ്രകടമായി.
ചാലിയത്തുനിന്നു ആരംഭിച്ച് ബേപ്പൂരിലെത്തുമ്പോൾ ബേപ്പൂർ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്. തീരസംരക്ഷണ സേനയുടെ ബോട്ടുകൾ മുതൽ തദ്ദേശീയ മീൻപിടിത്ത ബോട്ടുകളും ജലഘോഷയാത്രയിൽ പങ്കാളികളായി.
ബേപ്പൂർ: ജലമേളയുടെ വിജയത്തിൽ ആരോഗ്യവിഭാഗത്തിനും അംഗീകാരം. അഞ്ചു ദിവസങ്ങളിൽ ലക്ഷങ്ങളെത്തിയ ബേപ്പൂരിലും മറുകരയായ ചാലിയത്തും ചികിത്സാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയാണ് ആരോഗ്യവിഭാഗം ശ്രദ്ധനേടിയത്.
ചെറുവണ്ണൂർ സാമൂഹികാരോഗ്യ കേന്ദ്രം, ബേപ്പൂർ എഫ്.എച്ച്.സി, കെ.എം.സി.ടി മെഡിക്കൽ കോളജ്, മെയ്ത്ര, മെട്രോമ്ഡ് എന്നീ ആശുപത്രികളിലെ വിദഗ്ധരടങ്ങുന്ന ഡോക്ടർമാരും നഴ്സ് അനുബന്ധ ജീവനക്കാരും മൂന്ന് ആംബുലൻസും രാത്രി വൈകുംവരെ സേവനത്തിനുണ്ടായി. കോവിഡ് രൂക്ഷതയിൽ ബേപ്പൂർ മണ്ഡലത്തിൽ ദേശീയശ്രദ്ധ നേടിയ ‘അപ്പോത്തിക്കിരി’ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ ഡോ. അനീഷ് അറക്കൽ ചെയർമാനായ കമ്മിറ്റിയാണ് ആരോഗ്യവിഭാഗം നിയന്ത്രിച്ചത്.
ഡോക്ടർമാരായ ഹൈഫ മൊയ്തീൻ, ദീപ, സൂര്യദേവ്, നിമിഷ രാജേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സലീഷ്, ഡബിൻദാസ്, പ്രവീൺ, സലീം പാഴൂർ എന്നിവരും സേവനസന്നദ്ധരായി.
ബേപ്പൂർ: അന്താരാഷ്ട്ര ജലമേളയുടെ അഞ്ചാം ദിവസമായ ബുധനാഴ്ച ബേപ്പൂരിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ. ഉച്ചമുതലേ നാടിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും കുട്ടികളുമടക്കം പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രം ലക്ഷ്യമാക്കി ഒഴുകിയെത്തിയത് മണിക്കൂറുകളോളം ഗതാഗത കുരുക്കിന് ഇടയാക്കി. തിരക്കിനിടയിൽ പരിക്കുപറ്റിയവരെയും മോഹാലസ്യപ്പെട്ടു വീണവരെയും ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് കടന്നു വരാൻ സാധിക്കാത്തതിനാൽ ചുമന്നുകൊണ്ടാണ് വാഹനങ്ങളിലേക്ക് എത്തിച്ചത്. ബേപ്പൂർ മറീന കടൽതീരം മുതൽ പ്രദേശത്തെ എല്ലാ റോഡുകളും നിറഞ്ഞുകവിഞ്ഞു.
ബേപ്പൂർ: ബേപ്പൂർ അന്താരാഷ്ട്ര ജലമേളയുടെ സമാപന ചടങ്ങുകൾ ഒഴിവാക്കി. സമാപന പരിപാടി വീക്ഷിക്കാൻ ജനലക്ഷങ്ങൾ ഒഴുകിയെത്തിയതു കാരണം, ബേപ്പൂരും പരിസരവും സ്തംഭനാവസ്ഥയിലാവുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെയാണ് സമാപന ചടങ്ങുകൾ വേണ്ടെന്നുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.