കോഴിക്കോട്: ട്രാൻസ്ജെൻഡറുകൾക്ക് മെഡിക്കൽ കോളജ്, ഗവ. ബീച്ച് ആശുപത്രി എന്നിവയടക്കം എല്ലാ സർക്കാർ ആശുപത്രിയിലും സൗജന്യ ചികിത്സ ഉറപ്പാക്കാൻ നിർദേശം. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പുനർജനിയുടെ പ്രസിഡന്റ് സിസിലി ജോർജ് നൽകിയ അപേക്ഷയിലാണ് ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം.പി. ഷൈജൽ, അംഗം അഡ്വ. പി. ജൂലി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ലീഗൽ അദാലത്തിൽ ഇക്കാര്യത്തിൽ തീരുമാനമായത്.
എല്ലാ ആശുപത്രിയിലും സൗജന്യ ഒ.പി ടിക്കറ്റ് സംവിധാനം, എല്ലാ ആശുപത്രിയിലും ട്രാൻസ്ജെൻഡറുകൾക്കായി പ്രത്യേക കോളം, ബീച്ച് ആശുപത്രിയിൽ പ്രത്യേക ഒ.പിയും വാർഡും, എല്ലാ ബുധനാഴ്ചയും പ്രത്യേക ക്ലിനിക്, മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന തിരിച്ചറിയൽ കാർഡുള്ള ട്രാൻസ്ജെൻഡറിന് സൗജന്യ ചികിത്സയും പ്രത്യേക വാർഡും, സൗജന്യ കൂട്ടിരിപ്പുകാർ തുടങ്ങിയവ ഉറപ്പ് വരുത്തണമെന്നാണ് തീരുമാനം.
ജില്ല മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളജിലെയും ബീച്ച് ആശുപത്രിയിലെയും സൂപ്രണ്ടുമാർ, എല്ലാ ആശുപത്രിയിലെയും നഴ്സിങ് സൂപ്രണ്ടുമാർ എന്നിവർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകി. ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡുള്ള എല്ലാവർക്കും കൂട്ടിരിപ്പുകാരില്ലാതെതന്നെ ചികിത്സയും മരുന്നും ലഭ്യമാക്കാനും രേഖകളിൽ പ്രത്യേക കോളം അനുവദിക്കാനും നടപടിയാവശ്യപ്പെട്ടാണ് ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് സിസിലി ജോർജ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.