കോഴിക്കോട്: നഗരമധ്യത്തിലെ പൊതുസ്ഥലങ്ങളടക്കം ലഹരിമാഫിയകൾ താവളമാക്കുമ്പോൾ പൊലീസ് കാഴ്ചക്കാരാകുന്നു. അതത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ‘ലഹരി ഹോട്ട് സ്പോട്ട്’ അടക്കമുള്ള പ്രദേശങ്ങളിൽ തുടർപരിശോധന നടത്താത്തതാണ് സ്കൂൾ, കോളജ് വിദ്യാർഥികളെയടക്കം കണ്ണികളാക്കുന്ന ലഹരിസംഘങ്ങൾക്ക് തുണയാകുന്നത്.
വെള്ളിയാഴ്ച ബീച്ച് ജനറൽ ആശുപത്രി വളപ്പിലെ ന്യൂ ബ്ലോക്കിന് പിന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് അമിത ലഹരി ഉപയോഗത്താലാണെന്നാണ് നിഗമനം. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇവിടം കേന്ദ്രീകരിക്കുന്ന ലഹരിസംഘങ്ങൾക്കെതിരെ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആശുപത്രിയുടെ ലഹരിമുക്ത ചികിത്സ കേന്ദ്രത്തോട് (ഒ.എസ്.ടി) ചേർന്നുള്ള ഭാഗമാണ് രാപ്പകൽ വ്യത്യാസമില്ലാതെ ലഹരിസംഘങ്ങൾ താവളമാക്കുന്നത്.
ഇവിടെ ചികിത്സക്കെത്തുന്ന പലരും കെട്ടിടത്തിന് പിറകിൽനിന്ന് ലഹരി കുത്തിവെക്കുകയാണ്. ലഹരി കുത്തിവെച്ച് ഉപേക്ഷിച്ച നിരവധി സിറിഞ്ചുകളും, മദ്യക്കുപ്പികൾ, പുകയില ഉൽപന്നങ്ങളുടെ കവറുകൾ അടക്കമുള്ളവയും ഇവിടെയുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ചുറ്റുമതിലിലെ ഗ്രില്ലുകൾ തകർത്തും മറ്റും ലഹരിസംഘങ്ങൾ ഇവിടേക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. ഇതിനോട് ചേർന്നുള്ള കാടുപിടിച്ച ഭാഗങ്ങളും ലഹരി സംഘങ്ങളുടെ വിഹാരകേന്ദ്രമാണ്. ദിനേന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളെത്തുന്ന സർക്കാർ ആശുപത്രി വളപ്പാണ് ലഹരിക്കാരുടെ വിഹാരകേന്ദ്രം എന്നതാണ് വിചിത്രം. ആശുപത്രിയിലെ പൊലീസ് എയ്ഡ്പോസ്റ്റിലുള്ളവരുടെ സാന്നിധ്യവും ഇവിടെ വേണ്ടത്രയില്ല.
വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഭാഗമെങ്കിലും പൊലീസ് ഇവിടേക്ക് സ്ഥിരമായി വരാറില്ലെന്നാണ് ഈ ഭാഗത്തെ കച്ചവടക്കാർ പറയുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ ലഹരി ഇടപാടുകാരും ഉപയോക്താക്കളും തമ്മിലുള്ള അടിപിടിയും ഇവിടെ പതിവാണ്. പൊലീസിന്റെ ഒത്താശയിലാണ് ഇവിടം ലഹരി മാഫിയകൾ താവളമാക്കുന്നത് എന്ന ആക്ഷേപവും ഇതിനകം ഉയർന്നിട്ടുണ്ട്.
ഇവിടെ വന്ന് ആളുകൾ പരസ്യമായാണ് ലഹരി ഉപയോഗിക്കുന്നത്. തുടർന്ന് അടിപിടിയുണ്ടാക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്യും. ക്രിമിനലുകളാണ് എന്നതിനാൽ ഭയം കാരണം ആരും ഇടപെടുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. ആശുപത്രി അധികൃതരാണെങ്കിൽ ഈ പ്രദേശം ലഹരിസംഘങ്ങൾക്ക് തീറെഴുതിയ അവസ്ഥയിലാണ്. ലഹരിമുക്ത ചികിത്സക്കെത്തുന്നവർപോലും ഇവിടെ തമ്പടിച്ച് വീണ്ടും ലഹരി ഉപയോക്താക്കളായി മാറുന്ന സ്ഥിതിയുണ്ട്.
കഴിഞ്ഞ ദിവസം നഗരത്തിലെ നൂറുകണക്കിന് സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് സിറ്റി പൊലീസ് ലഹരിക്കെതിരെ ബീച്ച് ഓപൺ സ്റ്റേജിനു സമീപം ‘നോ നെവര്‍’ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് കേവലം മുന്നൂറു മീറ്റർ അകലെയാണ് നഗരത്തിലെ പ്രധാന ലഹരിസങ്കേതങ്ങളായ ബീച്ച് ജനറൽ ആശുപത്രി പരിസരവും വെള്ളയിൽ പുലിമൂട്ടിനോട് ചേർന്നുള്ള കാടുമൂടിയ കടപ്പുറവും. ബോധവത്കരണത്തിന് മുന്നിട്ടിറങ്ങുന്ന പൊലീസ് അതിനൊപ്പംതന്നെ ഈ രണ്ട് പ്രദേശങ്ങളിലും തുടർ പരിശോധന നടത്തിയാൽ നിരവധി ലഹരി സംഘങ്ങളെ പിടികൂടാനാവുമെന്നാണ് ആളുകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.