മുക്കം: വരുമെന്ന് പറഞ്ഞ സമയം ഒരുമണിക്കൂറിലധികം വൈകിയെങ്കിലും ജനങ്ങളുടെ ആവേശത്തിന് തടയിടാനായില്ല. പൊള്ളുന്ന വെയിൽ സഹിച്ച് അവർ പ്രിയ എം.പിയെ കാത്തിരിക്കുകയായിരുന്നു. കഠിനമായ ഉഷ്ണത്തെ വകവെക്കാതെ ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കാൻ മുക്കത്തേക്ക് ഒഴുകിയെത്തിയത്. കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധിയും ഒപ്പം രാഹുൽ ഗാന്ധിയും എത്തിയപ്പോൾ ആവേശം അണപൊട്ടി. എം.പിയായതിന് ശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് സ്നേഹവും ആവേശവും നിറഞ്ഞ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.
രാവിലെ മുതൽ തന്നെ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു മുക്കത്തേക്ക് ഒഴുകിയെത്തിയത്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും വിജയാരവം പരിപാടിയുടെ ആവേശം കൊടുമുടിയിലെത്തിച്ചു.
വയനാടിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുത്തതിൽ നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. 35 വർഷമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനങ്ങൾ തനിക്ക് എന്താണോ നൽകിയത് അതിന്റെ മൂല്യം നിലനിൽക്കുന്നത് സ്നേഹത്തിലും വിശ്വാസത്തിലുമാണ്. താൻ പാർലമെന്റിലുള്ളത് വയനാട്ടിലെ ജനങ്ങൾക്കുവേണ്ടിയാണ്. ഇനി പാർലമെന്റിൽ താൻ ഉയർത്തുന്നത് ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമായിരിക്കും -പ്രിയങ്ക പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്നാണ് ഭരണഘടന പറയുന്നതെങ്കിലും അദാനിയെ മാത്രം പ്രത്യേകമായി പരിഗണിക്കണമെന്നാണ് നരേന്ദ്ര മോദി പറയുന്നതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിൽ എന്തു ദുരന്തം ഉണ്ടായിക്കോട്ടെ, അവർക്ക് അർഹതപ്പെട്ടത് നൽകില്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ദുരന്തത്തിൽ കുടുംബാംഗങ്ങളും സ്വത്തുക്കളും മറ്റും നഷ്ടപ്പെട്ടവർക്ക് രാഹുൽ ഗാന്ധി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.