കോഴിക്കോട്: ദേശീയപാത ബൈപാസ് റോഡരികിലെ മാലിന്യങ്ങൾ മഴക്കുമുമ്പേ നീക്കംചെയ്യാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കോർപറേഷന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ 15ന് രാവിലെ ആറുമുതൽ ശുചീകരണ തൊഴിലാളികളും ഹരിത കർമസേന പ്രവർത്തകരും ചേർന്നാണ് ശുചീകരണം നടത്തുക. വാഹനങ്ങളിലുൾപ്പെടെ കൊണ്ടുവന്ന് തള്ളിയ പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ളവ പൂർണമായും നീക്കംചെയ്യും.
വാഹനങ്ങളിൽ യാത്രചെയ്യുന്നവർ റോഡരികിലേക്ക് വലിച്ചെറിയുന്നതാണ് ഇത്രയധികം മാലിന്യം കൂടിക്കിടക്കുന്നതിന് കാരണമെന്ന് യോഗം വിലയിരുത്തി. ബൈപാസിന്റെ പ്രവൃത്തി പൂർത്തിയാവുന്നതുവരെ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനാവാത്തതിനാൽ കോർപറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് നിരീക്ഷണത്തിനും തീരുമാനിച്ചു. റോഡരികിൽ മാലിന്യം തള്ളുന്ന വാഹനങ്ങൾക്കെതിരെ പിഴചുമത്തുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികളും കർശനമാക്കും. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നതിന്റെ ഫോട്ടോ സഹിതം പൊലീസിന് cpkkd.pol@kerala.gov.in എന്ന മെയിലിൽ പരാതി നൽകുകയും ചെയ്യാം. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി, പൊലീസ്, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.