പയ്യോളിയിലെ ഗോൾഡ് പാലസ് ജ്വല്ലറി ശാഖയുടെ പൂട്ട് പൊലീസ് സീൽ വെച്ചനിലയിൽ
പയ്യോളി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പയ്യോളിയിൽ ചൊവ്വാഴ്ച 20 പരാതികൾ കൂടി ലഭിച്ചു. ഇതോടെ പയ്യോളി ശാഖയിൽ നിന്ന് മാത്രം 57 പേർ തട്ടിപ്പിന് ഇരയായതായി കേസന്വേഷിക്കുന്ന സി.ഐ. കെ.സി. സുഭാഷ് ബാബു വ്യക്തമാക്കി.
ടൗണിന്‍റെ തെക്കുഭാഗത്തായി ദേശീയപാതയോരത്ത് നാല് ഷട്ടറുകളിലായി പ്രവർത്തിക്കുന്ന ശാഖ പൊലീസ് ഇതിനകം പൂട്ടി സീൽ പതിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ലഭിച്ച പരാതികളിൽ ഏറെയും ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുടേതാണന്നാണ് പ്രാഥമിക കണക്ക്. അതേസമയം പയ്യോളിയിൽ നിന്ന് മാത്രം വിവിധ കേസുകളിലായി രണ്ട് കോടിയിൽപരം രൂപ ജ്വല്ലറിയുടെ പേരിൽ തട്ടിയതായി പൊലീസ് പറഞ്ഞു.
എന്നാൽ പരാതികളിലെ തുകകൾ പൂർണമായും എണ്ണിതിട്ടപ്പെടുത്തിയാൽ മാത്രമേ കൃത്യമായ കണക്ക് കണ്ടെത്താൻ സാധിക്കുകയുള്ളൂ. പയ്യോളിയിൽ ലഭിച്ച പരാതികളിൽ ഏറ്റവും ഉയർന്ന തുകയായ 20 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾക്ക് സമാനമായ രീതിയിൽ കുറ്റ്യാടി ശാഖയിലും നിക്ഷേപിച്ച 20 ലക്ഷം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കുറ്റ്യാടി സ്റ്റേഷനിലും പരാതിയുണ്ട്.
അതിനിടയിൽ പണവും സ്വർണവും നഷ്ടപ്പെട്ട ഇടപാടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 27നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ശാഖകൾ പൂട്ടി ജ്വല്ലറി ഉടമകൾ സ്ഥലം വിട്ടതായി കണ്ടെത്തിയത്. ഇതേതുടർന്ന് നിക്ഷേപമായി ജ്വല്ലറിയിൽ നൽകിയ പണവും സ്വർണവും നഷ്ടപ്പെട്ടവരുടെ നൂറു കണക്കിന് പരാതികളാണ് മൂന്ന് സ്ഥലങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിലായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ കേസുമായി ബന്ധപ്പെട്ട് ഉടമകളിൽ ഒരാളായ വി.പി. സബീറിനെ മാത്രമെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മറ്റ് പ്രതികൾ ഒളിവിലാണന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവി ഡോ: എ. ശ്രീനിവാസ് ഐ.പി.എസിന്‍റെ കീഴിലുള്ള പ്രത്യേക സ്ക്വാഡാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.