കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് റോഡിനായി സ്ഥലം വിട്ടുതന്നവരിൽ പുതിയ ബേസിക് വാല്വേഷൻ റിപ്പോർട്ട് (ബി.വി.ആർ) അനുസരിച്ച് 160 പേർക്കുള്ള പണം ജനുവരി 15നുള്ളിൽ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി കലക്ടർ (എൽ.എ-എൻ.എച്ച്) ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. പഴയ ബി.വി.ആർ അനുസരിച്ച് 320 പേർക്ക് പണം നൽകിയിട്ടുണ്ട്. പുതിയ ബി.വി.ആർ പ്രകാരം ഇതുവരെ 115 പേർക്കും തുക നൽകി. പുതിയ ബി.വി.ആർ പ്രകാരം 160 പേർക്കുകൂടി ജനുവരി 15നുള്ളിൽ തുക വിതരണം ചെയ്യും.
ദേശീയപാത-66 ആറുവരിപ്പാതയുടെ ഭാഗമായി നിർമിച്ച സർവിസ് റോഡുകൾക്ക് വീതിയില്ലാത്ത പ്രശ്നം എം.എൽ.എമാരായ ഇ.കെ. വിജയൻ, കെ.കെ. രമ, കാനത്തിൽ ജമീല എന്നിവർ ഉന്നയിച്ചു. പലയിടങ്ങളിലും സർവിസ് റോഡുകൾക്ക് വീതി കുറവായതിനാൽ ഗതാഗതസ്തംഭനം രൂക്ഷമാണ്.
സർവിസ് റോഡുകൾക്ക് വീതി കുറവുള്ള സ്ഥലങ്ങളുടെ പട്ടിക തയാറാക്കി ഇക്കാര്യം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി പ്രത്യേകം ചർച്ച ചെയ്യുമെന്ന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് മറുപടി നൽകി. ഭൂമി തരംമാറ്റലിന് ഒരുപാട് സമയം എടുക്കുന്നതിനാൽ ലോൺ എടുക്കേണ്ടവർ ബുദ്ധിമുട്ടിലാണ്.
തരംമാറ്റം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇപ്പോൾ പ്രവൃത്തിയുടെ വേഗം കൂടിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. പുതുപ്പാടി പഞ്ചായത്തിലെ നാക്കിലമ്പാട് ആദിവാസി സങ്കേതത്തിലെ കുട്ടികൾ സ്കൂളിൽ പോകാത്ത പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.
കുട്ടികളെ എല്ലാ സൗകര്യങ്ങളുമുള്ള ഹോസ്റ്റലിൽ ചേർക്കാൻ ഒരുപാട് ശ്രമിച്ചതാണെന്നും എന്നാൽ വിദ്യാർഥികൾ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നും ജില്ല പട്ടികവർഗ വികസന ഓഫിസർ അറിയിച്ചു.
ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് ഡിസംബർ മുതൽ ഹരിതകർമസേന മാലിന്യം എടുത്തുതുടങ്ങുമെന്ന് കോർപറേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അജൈവ മാലിന്യം എടുത്തു തുടങ്ങിയിട്ടുണ്ട്. കൂരാച്ചുണ്ട് വില്ലേജിലെ കക്കയത്ത് വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പട്ടയവും ആധാരവുമുള്ള ഭൂമിയിൽപോലും ആളുകൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് കെ.എൻ. സച്ചിൻദേവ് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇക്കാര്യം സ്ഥലം സന്ദർശിച്ചശേഷം ഔദ്യോഗികമായി അറിയിക്കാമെന്ന് ഡി.എഫ്.ഒ അറിയിച്ചു. വടകര ജില്ല ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
കാവിലുംപാറ വില്ലേജ് പരിധിയിൽ ഭൂമിക്ക് വില നിശ്ചയിക്കാത്തതിനാൽ ഭൂമി കൈമാറ്റം നടക്കാത്ത വിഷയം സമിതിയിൽ ഉന്നയിച്ചു. കാവിലുംപാറ വില്ലേജിൽ ന്യായവില നിശ്ചയിച്ചതിൽ അപാകതയുണ്ടെന്നും റീസർവേ നടത്തേണ്ടതുണ്ടെന്നും വടകര ആർ.ഡി.ഒ മറുപടി നൽകി.
ഇതിനായി ജനുവരിയിൽ പ്രത്യേക ഡ്രൈവ് നടത്തും. മണ്ണും മരവും നിറഞ്ഞ് ശോച്യാവസ്ഥയിലായ വാണിമേൽ പുഴ ശുചീകരിക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന്റെ രണ്ടുകോടി രൂപയുടെ പദ്ധതിയും ജില്ല പഞ്ചായത്തിന്റെ 49 ലക്ഷം രൂപയുടെ പദ്ധതിയുമുണ്ട്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനംകൂടി ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജില്ല വികസന സമിതി ചെയർമാനായ ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ, പി.ടി.എ. റഹീം, കെ.കെ. രമ, കാനത്തിൽ ജമീല, ലിന്റോ ജോസഫ്, കെ.എൻ. സച്ചിൻദേവ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, എ.ഡി.എം എൻ.എം. മെഹറലി, അസി. കലക്ടർ ആയുഷ് ഗോയൽ, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.