ചാത്തമംഗലം: എൻ.ഐ.ടിയിൽ അനധ്യാപക തസ്തികയിലേക്ക് ജൂലൈയിൽ നടന്ന പരീക്ഷക്കിടെയുണ്ടായ വിവാദ കോപ്പിയടിക്കെതിരെ പൊലീസ് നടപടിക്കൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ഉന്നത തലത്തിൽ നടപടി തുടങ്ങിയതായാണ് വിവരം. സ്ഥാപന മേധാവികൾ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയോ കൈമാറുകയോ ചെയ്യാതിരുന്നത് വിവാദത്തിനിടയാക്കിയിരുന്നു.
ചില ഉദ്യോഗാർഥികൾ രാഷ്ട്രപതി, കാബിനറ്റ് സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. സംഭവം ലാഘവത്തോടെ കൈകാര്യം ചെയ്തതിന് ചില സ്ഥാപന മേധാവികൾക്കെതിരെയും പൊലീസ് നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
ജൂലൈ 10 മുതൽ 13 വരെ എൻ.ഐ.ടി കാമ്പസിൽ നടന്ന സ്ഥിരം നിയമനത്തിനുള്ള ഒന്നാം ഘട്ട പരീക്ഷക്കിടെയാണ് ഹൈടെക് കോപ്പിയടി ഉണ്ടായത്. ഹരിയാന സ്വദേശികളായ രണ്ടു പേരെ പിടികൂടിയെങ്കിലും നടപടി ഡീബാറിലൊതുങ്ങി. വിവരമറിഞ്ഞ് കുന്ദമംഗലം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരാതി നൽകാനോ പിടികൂടിയവരെ കൈമാറാനോ എൻ.ഐ.ടി അധികൃതർ തയാറായില്ല.
ഇവരിൽനിന്ന് ചെറിയ ഇയർ ബഡുകൾ, മൈക്ക് എന്നിവ പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം വി.എസ്.എസ്.സിയിൽ കഴിഞ്ഞ ആഗസ്റ്റിൽ സമാന ഹൈടെക് കോപ്പിയടി നടന്നിരുന്നു. ഇവിടെ പിടികൂടിയവരിൽ ചിലർ എൻ.ഐ.ടിയിൽ പരീക്ഷയെഴുതിയിരുന്നുവത്രെ.
എൻ.ഐ.ടിയിൽ ശക്തമായ നടപടിയുണ്ടാകാത്തത് വി.എസ്.എസ്.സിയിൽ തട്ടിപ്പിന് പ്രേരണയായതായാണ് പൊലീസ് കണക്കുകൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ എൻ.ഐ.ടിയിലെ കോപ്പിയടി സംഭവത്തിനെതിരെ പൊലീസ് നടപടിയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.