അനധികൃത ദത്ത്; രക്ഷിതാക്കളോട് ശിശുക്ഷേമ സമിതിയിൽ ഹാജരാകാൻ നിർദേശം

കോഴിക്കോട്: ശിശുക്ഷേമ സമിതിയറിയാതെ ദത്തുനൽകിയ കുഞ്ഞിനെ യഥാർഥ അമ്മക്കൊപ്പം വിട്ടേക്കും. പൊലീസ് അന്വേഷണത്തിൽ വയനാട് കമ്പളക്കാട് സ്വദേശിയാണ് കുഞ്ഞിന്‍റെ അമ്മയെന്ന് വ്യക്തമായതോടെ ഇവരോടും പങ്കാളിയോടും ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് ചെയർമാൻ അഡ്വ. പി.എം. തോമസ് പറഞ്ഞു.

കുട്ടിയെ ഏറ്റെടുക്കാൻ തയാറാണെന്ന് ഇവർ അറിയിച്ചാൽ ഡി.എൻ.എ പരിശോധന ഉൾപ്പെടെ പൂർത്തീകരിച്ച് സ്വന്തം അമ്മയെന്ന് ഉറപ്പാക്കിയശേഷം കുട്ടിയെ കൈമാറും. ഇരുവർക്കും മതിയായ കൗൺസലിങ് നൽകാൻ ജില്ല ശിശു സംരക്ഷണ ഓഫിസറോടും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയിപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. മൂന്നര വർഷംമുമ്പ് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ജന്മം നൽകിയ കുഞ്ഞിനെ രണ്ടു ദിവസമായപ്പോൾ പന്നിയങ്കരയിലെ ദമ്പതികൾ ഏറ്റെടുക്കുകയായിരുന്നു.

അനധികൃതമായി കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നതായി രഹസ്യ വിവരം ലഭിച്ച ശിശുക്ഷേമ സമിതി സംഭവം അന്വേഷിക്കാൻ പന്നിയങ്കര പൊലീസിനോട് നിർദേശിച്ചതോടെയാണ് ദത്തിലെ ചുരുളഴിഞ്ഞത്. അനധികൃത ദത്താണെന്ന് വ്യക്തമായതോടെ കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.

നടക്കാവ് പൊലീസ് പരിധിയിലെ ആശുപത്രിയിലാണ് കുട്ടി ജനിച്ചതെന്നും ആശുപത്രിക്കു സമീപത്തുനിന്നാണ് കുട്ടിയെ കൈമാറിയത് എന്നും വ്യക്തമായതോടെയാണ് കേസിന്‍റെ തുടരന്വേഷണം നടക്കാവ് പൊലീസിന് കൈമാറിയത്. കുട്ടിയെ വളർത്തിയ ദമ്പതികൾക്ക് വേറെയും കുട്ടികളുണ്ടെന്നും മതിയായ സാമ്പത്തിക ശേഷിയില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, കുഞ്ഞിനെ നല്ല രീതിയിലാണ് കുടുംബം സംരക്ഷിച്ചത്. അതേസമയം, അനധികൃത ദത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസിന്‍റെ നിയമനടപടികൾ തുടരും.

Tags:    
News Summary - Illegal adoption; Parents are advised to appear before the Child Welfare Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.