കോഴിക്കോട്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഇഖ്റ ആശുപത്രിയുടെ സേവനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമാവുന്നു. സർക്കാറുമായി സഹകരിച്ച് സ്വന്തം നിലയിൽ കോവിഡ് രോഗികൾക്ക് മാത്രമായി എരഞ്ഞിപ്പാലത്ത് പ്രേത്യക കെട്ടിടത്തിൽ 100 കിടക്കകളുള്ള ആശുപത്രി തുടങ്ങിയിരിക്കയാണ് ഇഖ്റ.
കോവിഡ് ചികിത്സ ഇവിടെ സൗജന്യമാണ്. സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തില്‍ സമ്പൂർണ കോവിഡ് ആശുപത്രിയാണ് കോഴിക്കോട് ഡിസ്ട്രിക്ട് ഇഖ്റ -തണല്‍ കോവിഡ് ആശുപത്രി. ഇത്തരത്തില്‍ കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണിത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള നോഡല്‍ ഓഫിസറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം.
വെൻറിലേറ്ററുകള്‍, മോണിറ്ററുകള്‍, ഐ.സി.യു, എച്ച്.ഡി.യു സംവിധാനങ്ങള്‍ തുടങ്ങി എല്ലാ ആധുനിക ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നത് ഇഖ്റയാണ്. ഇൻറന്‍സിവിസ്റ്റ് ഉള്‍െപ്പടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍, റിസപ്ഷന്, ഹൗസ്കീപ്പിങ് തുടങ്ങി എല്ലാ ജീവനക്കാരെയും ഇഖ്റയാണ് റിക്രൂട്ട് ചെയ്തതും ശമ്പളം നല്‍കുന്നതും. ജീവനക്കാർക്കും രോഗികള്‍ക്കുമുള്ള ഭക്ഷണം നല്‍കുന്നത് കുടുംബശ്രീ വഴി ജില്ല ഭരണകൂടമാണ്.
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന ഇഖ്റ ആശുപത്രിക്ക് ദൗത്യം നിർവഹിക്കാനാവുന്നത് സന്നദ്ധസംഘടനകളുടെയും സുമനസ്സുകളുടെയും കൂടി സഹകരണത്തിലാണെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവർ പറഞ്ഞു. അസീം പ്രേംജി ഫിലാന്ത്രോപിക് ഇനിഷ്യേറ്റിവ്, തണൽ വടകര, ടാറ്റ ട്രസ്റ്റ് മുംബൈ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഡൽഹി തുടങ്ങി വിവിധ സംഘടനകളുടെ സഹായത്താലാണ് പാവപ്പെട്ടവർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ ഇഖ്റക്ക് സാധിക്കുന്നത്.
10 രൂപക്ക് ഒ.പി ഡോക്ടറുടെ പരിശോധനക്ക് അവസരമൊരുക്കുന്ന ചാരിറ്റി ക്ലിനിക്കും 50 രൂപക്ക് വിദഗ്ധ ഡോക്ടറുടെ സേവനവും ലഭ്യമാക്കുന്ന മെഴ്സി ക്ലിനിക്കും ഇഖ്റയുടെ പ്രത്യേകതകളില്‍ ചിലതാണ്. കേരളത്തില്‍ ആദ്യമായി സബ്സിഡൈസ്ഡ് ഡയാലിസിസ് സെൻറര്‍ എന്ന ആശയം നടപ്പാക്കിയത് ഇഖ്റ ആണ്. വൃക്ക മാറ്റിവെക്കലിന് രാജ്യത്തെതന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇഖ്റ ഈടാക്കുന്നത്. ആശയറ്റ ഡയാലിസിസ് രോഗികളെ സഹായിക്കാന്‍ ഡയാലിസിസ് സ്പോണ്‍സര്‍ഷിപ് പ്രോഗ്രാം നിലവിലുണ്ട്.
പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സയില്‍ ഇളവ് ലഭിക്കുന്നതിനായി വിവിധ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡീ അഡിക്ഷന് സെൻറര്‍, പാരാപ്ലീജിയ ക്ലിനിക്, ഏർളി ഇൻറര്വെന്ഷന് സെൻറർ എന്നിവയുമുണ്ട്. ഇഖ്റക്ക് വിവിധ ജില്ലകളിലായി ഒമ്പത് ശാഖകളുണ്ട്. ലക്ഷദ്വീപിലെ നാല് ദ്വീപുകളിലെ ആശുപത്രികളിലേക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ നല്‍കുന്നതും ഇഖ്റയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.