കക്കോടി: പാശ്ചാത്യ സംഗീതലോകത്ത് ശ്രദ്ധനേടി മലയാളി പെൺകുട്ടി. കോഴിക്കോട് കക്കോടി സ്വദേശിയായ 13കാരി ജാനകി ഈശ്വറാണ് പോപ്പ്, ജാസ്, ആർ ആൻഡ് ബി, കെ-പോപ്പ് ഗാനലോകത്തെ പ്രഗല്ഭരെപ്പോലും അമ്പരിപ്പിച്ച് ലോകവേദികളിൽ സംഗീതംപൊഴിക്കുന്നത്.
ഈ മാസം 13ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽനടന്ന ട്വന്റി20 ലോകകപ്പ് ഫൈനൽ മൽസരത്തോടനുബന്ധിച്ചുള്ള സംഗീത വിരുന്നിൽ പാടിയതോടെ കളിയെയും സംഗീതത്തെയും ഒരുമിച്ചുകോർത്ത് പുതിയ ആരാധകലോകം തീർക്കുകയായിരുന്നു. ഒരുവർഷം മുമ്പ് പ്രശസ്തമായ 'ദ വോയ്സ്' ടി.വി റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജാനകി ഈശ്വർ ആസ്ട്രേലിയയിലെ മെൽബണിലാണ് ജനിച്ചതും വളർന്നതും.
പ്രമുഖ റോക്ക് ബാൻഡ് ഐസ് ഹൗസിൽ അംഗമാണ് ഈ കൊച്ചുമിടുക്കി. മെൽബൺ സ്കൂൾ വിദ്യാർഥിനിയായ ജാനകി പ്രശസ്ത സംഗീതജ്ഞനും നടനുമായ ആതിഫ് അസ്‌ലമിനൊപ്പം നടത്തിയ ട്വന്റി20 ലോകകപ്പ് പ്രീ-ഗെയിം ഷോ ലക്ഷക്കണക്കിനാളുകളാണ് ആസ്വദിച്ചത്.
ആസ്ട്രേലിയൻ മ്യൂസിക് റിയാലിറ്റി ഷോ ആയ 'ദ വോയ്‌സി'ന്റെ സമകാലികചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരിയാണ് ജാനകി. എട്ട് വയസ്സുള്ളപ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറിയത്. 100 മത്സരാർഥികൾ പങ്കെടുത്ത ഓഡിഷനിൽനിന്ന് 20 പേരിൽ ഒരാളായാണ് റിയാലിറ്റി ഷോയിലെത്തിയത്.
അമേരിക്കൻ ഗായിക ബില്ലി എലിഷിന്റെ കടുത്ത ആരാധികയാണ് ജാനകി. സ്റ്റേജിൽ കയറുമ്പോൾ നന്നായി പാടാനാണ് ശ്രദ്ധിക്കാറെന്നും അതിന്റെ ഫലത്തെക്കുറിച്ച് ആലോചിക്കാറില്ലെന്നും ജാനകി ഈശ്വർ പറയുന്നു. തുടക്കത്തിൽ കർണാടക സംഗീതം പഠിച്ച ജാനകി പിന്നീട് പാശ്ചാത്യ സംഗീതത്തിലേക്ക് തിരിയുകയായിരുന്നു.
ഡേവിഡ് ജാൻസ് എന്ന പരിശീലകന്റെ കീഴിൽ ജാൻസ് ഇന്റർനാഷനൽ മ്യൂസിക് അക്കാദമിയിൽ ചേർന്നതോടെ ലോകശ്രദ്ധ നേടി. 'ക്ലൗൺ' എന്ന രചന പുറത്തിറക്കിയിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ പാട്ടുകൾ കേൾക്കാനും പാടാനും ഇഷ്ടമാണ്. ബ്ലൗസും പാവാടയും കസവ് ഷാളും ധരിച്ച് ട്വന്റി20 ലോകകപ്പ് സ്റ്റേജിൽ പാടിയത് അമ്മയുടെ ആശയമാണെന്ന് ജാനകി ഈശ്വർ പറയുന്നു.
ഇന്ത്യൻ സംഗീതത്തിൽ നിന്ന് എന്തെങ്കിലും പാടാൻ കഴിയുമോ എന്ന് റിയാലിറ്റി ഷോ ജഡ്ജിമാരിൽ ഒരാൾ ജാനകിയോട് ചോദിച്ചപ്പോൾ, കർണാടക സംഗീതത്തിൽനിന്ന് ഹൃദയസ്പർശിയായ ഒരുഭാഗം പാടിയപ്പോൾ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന മാതാപിതാക്കളായ ദിവ്യക്കും അനൂപ് ദിവാകറിനും അത് അഭിമാന നിമിഷമായിരുന്നു. ഇപ്പോൾ നിരവധി അവസരങ്ങൾ അവളെ തേടിയെത്തുന്നുണ്ടെന്ന് ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.