പിങ്കി ഹരിയൻ

യാചക പെൺകുട്ടി ഡോക്ടറായപ്പോൾ: പിങ്കി ഹരിയൻ ദാരിദ്ര്യത്തിൽ നിന്ന് ടിക്കറ്റെടുത്തത് എങ്ങനെ... അറിയാം നിശ്ചയ ദാർഢ്യത്തിന്റെ വിജയകഥ

ഷിംല: ദാരിദ്രത്തിനെതിരെ പടക്കിറങ്ങി വിജയിക്കുകയും ഡോക്ടറാവുകയും ചെയ്ത പെൺകുട്ടി ഇന്ന് നാട്ടുകാർക്കും കുടുംബത്തിനും വിസ്മയമാവുകയാണ്. ഹിമാചൽ പ്രദേശിലെ ധർമശാല- ഷിംലക്കടുത്ത മക്ലിയോഡ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തിരഞ്ഞ ഓർമിക്കാനിഷ്ടമില്ലാത്ത ഭൂതകാലമുണ്ടായിരുന്നു പിങ്കി ഹരിയന്. 20 വർഷത്തിനിപ്പുറം അവൾ രോഗികളെ ശുശ്രൂഷിക്കാനിറങ്ങുന്ന ഡോക്ടറായിരിക്കയാണ്.

നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും ജീവിതത്തിൽ ഫലമുണ്ടാകുമെന്ന ഉറച്ച വിശ്വാസം കൂടിയാണ് പിങ്കിയുടെ ഈ ജീവിത വിജയം. ഒട്ടും എളുപ്പമായിരുന്നില്ല പിങ്കിക്ക് ജിവിതം. സ്കൂളിൽ പേകേണ്ട ചെറുപ്രായത്തിൽ അതിരാവിലെ കുടുംബത്തോടൊപ്പം തെരുവിൽ യാചന. എന്നിട്ടും ഒരിക്കലും സ്വപ്നം കാണാൻ പോലുമാകാതിരുന്ന ഉയരത്തിലേക്ക് അവൾ ഉറച്ച കാൽവെപ്പുകളോടെ നടന്നു കയറുകയായിരുന്നു. പിങ്കി ഹരിയന്റെ ജീവിതം മാറിമറിയുന്നത് ഇങ്ങനെ.

2004ൽ ടിബറ്റൻ സന്യാസിയും ധർമ്മശാല ആസ്ഥാനമായുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്സാങ് ജാംയാങ് ഹരിയൻ പിങ്കി എന്ന പെൺകുട്ടി യാചിക്കുന്നത് കണ്ടു. ദിവസങ്ങൾക്ക് ശേഷം ചരൺഖുദിലെ വൃത്തിഹീനമായ ചേരിയിലെത്തി ഏറെ പാടുപെട്ട് പെൺകുട്ടിയുടെ കുടിൽ കണ്ടു പിടിക്കുന്നു. കുട്ടിയെ സ്കൂളിൽ ചേർക്കാനായിരുന്നു ഉദ്ദേശ്യം. തുടർന്ന് അവളുടെ മാതാപിതാക്കളെ പ്രത്യേകിച്ച് പിതാവ് കാശ്മീരി ലാലിനെ അനുനയിപ്പിക്കാനായിരുന്നു ശ്രമം. മകളെ സ്കൂളിൽ വിടാൻ പുള്ളിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. മണിക്കൂറുകൾ നീണ്ട അനുനയത്തിനൊടുവിൽ ലാൽ സമ്മതിച്ചു. ധർമ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്കൂളിൽ ഹരിയൻ പ്രവേശനം നേടി. 2004 ൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ കുട്ടികൾക്കായി സ്ഥാപിച്ച ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാർഥികളിൽ ഒരാളായിരുന്നു.

തുടക്കത്തിൽ വീടും മാതാപിതാക്കളും പിരിയേണ്ടി വന്നെങ്കിലും ഹരിയൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അത് ദാരിദ്ര്യത്തിൽ നിന്നുള്ള ടിക്കറ്റാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നുവെന്ന് 19 വർഷമായി സന്നദ്ധ സേവന രംഗത്തുള്ള എൻ.ജി.ഒ ഉമാംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റ് അജയ് ശ്രീവാസ്തവ പറഞ്ഞു. താമസിയാതെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ വന്നുതുടങ്ങി.

സീനിയർ സെക്കണ്ടറി പരീക്ഷ പാസായ അവൾ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റും പാസായി. പിന്നീട് യു.കെയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ 2018ൽ ചൈനയിലെ പ്രശസ്ത മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. എം.ബി.ബി.എസ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി അടുത്തിടെ ധർമ്മശാലയിൽ തിരിച്ചെത്തിയതായി ശ്രീവാസ്തവ പറഞ്ഞു.

20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദരിദ്രരെ സേവിക്കാനും അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകാനും ശ്രമിക്കുന്ന ഒരു യോഗ്യതയുള്ള ഡോക്ടറാണ് ഹരിയൻ ഇന്ന്. 

‘കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ പോരാട്ടമായിരുന്നു ദാരിദ്ര്യം. എന്റെ കുടുംബം ദുരിതത്തിലായത് വേദനാജനകമായിരുന്നു. സ്‌കൂളിൽ എത്തിയപ്പോൾ ജീവിതത്തിൽ വിജയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു’ ഹരിയൻ പിടിഐയോട് പറഞ്ഞു.

‘കുട്ടിക്കാലത്ത് ഞാൻ ചേരിയിലാണ് താമസിച്ചിരുന്നത്, അതിനാൽ എന്റെ പശ്ചാത്തലമായിരുന്നു ഏറ്റവും വലിയ പ്രചോദനം. നല്ലതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ ഒരു ജീവിതം ഞാൻ ആഗ്രഹിച്ചു’ അവൾ കൂട്ടിച്ചേർത്തു.

കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട്, നാലു വയസ്സുള്ളപ്പോൾ സ്‌കൂൾ അഡ്മിഷൻ ഇന്റർവ്യൂവിൽ ഡോക്ടറാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ഹരിയൻ അനുസ്മരിച്ചു. അവളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സഹോദരനും സഹോദരിയും സ്കൂളിൽ പോകുന്നുണ്ട്. ‘ലോബ്സാങ് ജാംയാങ് ഒരു അദ്ഭുതമനുഷ്യനാണ്. ജീവിതം മുഴുവനും ചേരികളിൽ ജീവിക്കുന്ന കുട്ടികൾക്കായി അദ്ദേഹം സമർപ്പിച്ചു. ഒരുകാലത്ത് തെരുവിൽ കിടന്നുറങ്ങിയ അവരിൽ പലരെയും അദ്ദേഹം ദത്തെടുത്തു. നിരവധി പേർ ഇന്ന് എൻജിനീയർമാരും ഡോക്ടർമാരും പത്രപ്രവർത്തകരുമായി മാറിയിരിക്കുന്നു’ അജയ് ശ്രീവാസ്തവ പറയുന്നു. 

Tags:    
News Summary - When a Beggar Girl Becomes a Doctor: How Pinky Harian got her ticket out of poverty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.