കോഴിക്കോട്: പെരുമയുടെ കാര്യത്തിൽ കോഴിക്കോടിനോളം തന്നെ പഴക്കംചെന്ന കഥകൾ പറയാനുണ്ടാകും കല്ലായിപ്പുഴക്കും. ലോകത്തുതന്നെ മര വ്യവസായത്തിൽ രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്നു കല്ലായി. കവിതകളിലും കഥകളിലും സിനിമാഗാനങ്ങളിലും ഇടം പിടിച്ച കല്ലായിപ്പുഴ ഇന്ന് ശോചനീയമായ അവസ്ഥയിലാണ്. ചളിയും മാലിന്യങ്ങളും നിറഞ്ഞ് വർഷങ്ങളായി ഒഴുക്കുനിലച്ച് തോണികൾക്കുപോലും പോകാൻ കഴിയാത്ത വിധത്തിലാണ് പുഴ. നഗരത്തിലെ കനാലുകളിൽനിന്നും മറ്റും ഒഴുകിയെത്തുന്ന ചളിയും പ്ലാസ്റ്റിക്കുകളും അടങ്ങിയ വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിവിടാൻ കഴിയാത്തതിനാൽ മാലിന്യപൂരിതമാണ് ഇന്ന് പുഴ. നവീകരണത്തിനായി കോടികളുടെ പദ്ധതികളേറെയുണ്ടെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല.
പ്രദേശത്തെ നിരവധിയാളുകളാണ് ഇതിന്റെ പ്രയാസം അനുഭവിക്കുന്നത്. ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗം മത്സ്യത്തൊഴിലാളികളാണ്. വള്ളങ്ങൾ ചളിയിൽ പൂണ്ടുപോകുന്നതാണ് ഇവരുടെ പ്രശ്നം. കല്ലായിപ്പാലം മുതൽ കോതി അഴിമുഖം വരെയുള്ള ഭാഗത്താണ് നിറയെ ചളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നത്. പുഴയില്‍ അടിഞ്ഞുകൂടിയ ചളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പൂർണമായും ചളിനീക്കി കല്ലായിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മത്സ്യബന്ധനം സുഗമമായി നടക്കാൻ ചളി നീക്കൽ അത്യാവശ്യമാണെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.
ഇതിനിടെ, പുഴയും തീരവും കൈയേറുന്നതും മറ്റൊരു വശത്ത് തകൃതിയായി നടക്കുന്നു. ഏകദേശം നൂറ് ഏക്കറോളം സ്ഥലം പ്രദേശവാസികളായ ആളുകൾ കൈയേറ്റം നടത്തിയിട്ടുണ്ട്. ഇതിനെതിരെ കല്ലായിപ്പുഴ സംരക്ഷണ സമിതി കോടതിയെ സമീപിക്കുകയും കൈയേറ്റം കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാറിന് നിർദേശവും നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയും ആയിട്ടില്ല. സർക്കാർ പുഴ നവീകരണത്തിനായി പലവട്ടം ശ്രമിച്ചെങ്കിലും കൈയേറ്റക്കാരുടെ കൈയൂക്ക് കൊണ്ടുതന്നെ ഒന്നും നടന്നില്ല.
റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നായിരുന്നു തുക വകയിരുത്തിയിരുന്നത്. 11 വർഷത്തിനുശേഷം തുക ലാപ്സായി. കഴിഞ്ഞ വർഷം കോർപറേഷൻ ഏഴുകോടി രൂപ പുഴ നവീകരണത്തിന് മാറ്റിവെച്ചു. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ, നീക്കിവെച്ച ഫണ്ട് അപര്യാപ്തമാണെന്നതും കരാർ ഏറ്റെടുക്കുന്നതിന് തടസ്സമായി നിൽക്കുന്നു. മരണമണി മുഴക്കുന്ന കല്ലായിപ്പുഴയെ രക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈയേറ്റത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പുഴ സംരക്ഷണ സമിതി. ചളികോരി ആഴം കൂട്ടുക, കൈയേറ്റം പൂർണമായി ഒഴിവാക്കുക, സർവേ നടത്തി പുഴയുടെ ഭൂമി കണ്ടെത്തുക, പുഴയുടെ ഉത്ഭവസ്ഥാനമായ ചെറുകുളത്തൂർ മലനിരകളിൽ നിന്നുവരുന്ന നീർചാലുകൾ ശാസ്ത്രീയമായി നവീകരിക്കുക എന്നീ ആവശ്യങ്ങളാണ് പുഴ സംരക്ഷണ സമിതി മുന്നോട്ടുവെക്കുന്നതെന്ന് സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു. പുഴ നവീകരിക്കുന്നതോടുകൂടി നഗരത്തിലെ വെള്ളക്കെട്ടിനും ഒരുപരിധിവരെ പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.