കൊടിയത്തൂർ: കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പിസത്തെ തുടർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി രാജിവെച്ചു. ഒരു വർഷത്തിലധികമായി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷിഹാബ് മാട്ടുമുറിയാണ് കാലാവധി പൂർത്തിയാവാൻ ഒരു മാസവും പത്തു ദിവസവും ബാക്കിനിൽക്കെ രാജിവെച്ചത്.
രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. കത്ത് ലഭിച്ചതായും തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് ചെയ്തതായും സെക്രട്ടറി കെ. ആബിദ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസിലെ മറ്റൊരു അംഗവുമായുണ്ടായ വാക്കുതർക്കം കൈയാങ്കളിയുടെ വക്കിലെത്തിയതിനെ തുടർന്നാണ് ഷിഹാബ് മാട്ടുമുറി രാജിവെച്ചത്.
പഞ്ചായത്തിലെ മാലിന്യ സംഭരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് പ്രശ്നം ഉടലെടുത്തത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിനും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനുമാണ്.
കോൺഗ്രസിൽ ധാരണപ്രകാരം ഒന്നേകാൽ വർഷം കരീം പഴങ്കലായിരുന്നു വൈസ് പ്രസിഡന്റ്. തുടർന്ന് ബാബു പൊലുകുന്ന് വൈസ് പ്രസിഡന്റായെങ്കിലും മുക്കുപണ്ട കേസിനെ തുടർന്ന് രാജിവെച്ചു. തുടർന്നാണ് ഷിഹാബ് മാട്ടുമുറി വൈസ് പ്രസിഡന്റായത്.
ഭരണസമിതി അധികാരമേറ്റെടുത്ത ആദ്യഘട്ടം മുതൽ തന്നെ കോൺഗ്രസിൽ ഗ്രൂപ്പിസവും മൂപ്പിളമ തർക്കവുമുണ്ട്. ഇത് പല ഘട്ടങ്ങളിലും വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ രാജിയും സംഭവിച്ചിരിക്കുന്നത്.
യു.ഡി.എഫ് ധാരണപ്രകാരം കോൺഗ്രസിന് ജൂൺ 30 വരെ വൈസ് പ്രസിഡന്റ് സ്ഥാനമുണ്ട്. അതിനിടെ, ഒന്നര മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കേ വൈസ് പ്രസിഡന്റ് സ്ഥാനം ഇനി കോൺഗ്രസ് പാർട്ടിക്ക് ലഭിക്കുമോയെന്നതും ഉറപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.