കൊടിയത്തൂർ: ക്രഷർ പ്രവർത്തനം രാത്രിയും തുടരുന്നതിൽ പൊറുതിമുട്ടിയ നാട്ടുകാർ ക്വാറിയിൽനിന്നും വരുന്ന ടിപ്പർ ലോറികൾ തടഞ്ഞു. കോഴിക്കോട് മലപ്പുറം ജില്ലാതിർത്തിയിലെ ക്രഷറിൽനിന്നും ലോഡുമായി വന്ന വാഹനങ്ങളാണ് നാട്ടുകാർ വൈകീട്ട് ഏഴോടെ തടഞ്ഞത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗം കരീം പഴങ്കലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വാലില്ലാപുഴ മുത്തോട് ഭാഗത്തെ ഫ്രൻറ്സ് ക്രഷറിൽനിന്നും വരുന്ന വാഹനങ്ങളാണെന്നും രാത്രിയിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവൃത്തികൾ അനുവദിക്കാൻ ആവില്ലെന്നും ഗ്രാമപഞ്ചായത്ത് അംഗം പറഞ്ഞു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം.
പകൽ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പ്രവർത്തന സമയം. പൊടിശല്യം മൂലം രോഗങ്ങളും നിരവധിയാണ്. വിദ്യാർഥികളടക്കം ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു. അരീക്കോട് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.