കൊടിയത്തൂർ: 41 വർഷം മുമ്പ് നാടിനെ നടുക്കിയ തെയ്യത്തുംകടവിലെ തോണിയപകടത്തിന്റെ വാർഷികത്തിൽ മറ്റൊരു തേങ്ങലായി സി.കെ. ഉസ്സൻകുട്ടിയെന്ന കാരകുറ്റി സ്വദേശി ഇപ്പോഴും കാണാമറയത്ത്. ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് തെയ്യത്തുംകടവിനടുത്തുള്ള ബി.പി. മൊയ്തീന് പാർക്കിൽ കുടയും ചെരിപ്പും വെച്ച് ഉസ്സൻകുട്ടി കുളിക്കാനിറങ്ങിയത്.
വൈകീട്ട് മൂന്നരയോടെ ഒഴുക്കിൽപെട്ട ഉസ്സൻകുട്ടിയെ ഇതുവരെ കണ്ടുകിട്ടിയില്ല. 10 ദിവസം തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഓക്സിജൻ സിലിണ്ടറുകളും വെളിച്ച സംവിധാനങ്ങളുമായി മുങ്ങൽ വിദഗ്ധരും അഗ്നിരക്ഷസേനയും സന്നദ്ധ സംഘടനകളും നാട്ടുകാരും ഉസ്സൻ കുട്ടിയെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. ഇതേ മാസത്തിലാണ് 41 വർഷംമുമ്പ് ഇരുവഴിഞ്ഞിപ്പുഴയിൽ തെയ്യത്തുംകടവിലുണ്ടായ തോണിയപകടത്തിൽ ബി.പി. മൊയ്തീനടക്കം മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ടത്.
1982 ജൂലൈ 15ന് കൊടിയത്തൂരിൽനിന്ന് പുഴമുറിച്ചുകടന്ന തോണി മറുകരയെത്തും മുമ്പ് മറിയുകയായിരുന്നു. നാട്ടുകാരെ രക്ഷിക്കുന്നതിനിടയില്‍ ബി.പി. മൊയ്തീന് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സാമൂഹിക പ്രവർത്തകനായ ബി.പി. മൊയ്തീന്റെ ഓർമക്ക് തെയ്യത്തുംകടവിൽ മുക്കം നഗരസഭ പാർക്ക് നിർമിച്ചിട്ടുണ്ട്. ഉസ്സൻകുട്ടിയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കൊടിയത്തൂർ നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.