കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പൊയിൽ വയലിൽ ഭിന്നശേഷി വിദ്യാർഥികളും പരിവാർ സംഘടനയും ചെയ്ത പച്ചക്കറി കൃഷിയിടത്തിൽ ഓട്ടിസം ദിനത്തിൽ രണ്ട് അപ്രതീക്ഷിത അതിഥികളെത്തി. ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയും സബ് ജഡ്ജിയും ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി. ഷൈജലുമാണ് കൃഷിയിടം സന്ദർശിച്ചത്. കൊടിയത്തൂരിലെ രണ്ട് പരിപാടികളിൽ പങ്കെടുക്കാനെത്തിയ കലക്ടർ പരിവാർ ഭാരവാഹികളുടെ സ്നേഹ നിർബന്ധത്തിന് വഴങ്ങി കൃഷിയിടം സന്ദർശിക്കുകയായിരുന്നു. കൃഷിയുടെ വിളവെടുപ്പും വിശിഷ്ടാതിഥികൾ നിർവഹിച്ചു.
കലക്ടറും സബ് ജഡ്ജിയും എത്തുന്നതറിഞ്ഞ് ഭിന്നശേഷി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ ഭാരവാഹികളും കൃഷിയിടത്തിൽ എത്തിയിരുന്നു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കാൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് കലക്ടർ പറഞ്ഞു. ഓട്ടിസം ഉൾപ്പെടെ ബാധിച്ച വിദ്യാർഥികളെ നേരത്തേ കണ്ടെത്തി ചികിത്സ നൽകുക എന്നത് ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കലക്ടർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, കെ.ടി. ഫെബിദ, പി. സിക്കന്തർ, സലീം പർവിസ്, തെക്കയിൽ രാജൻ, സുലൈഖാ അബൂട്ടി, നിയാസ് ചോല, ടി.കെ. ജാഫർ, അബ്ദുന്നാസർ തുടങ്ങിയവർ സംബന്ധിച്ചു. 65 സെന്‍റ് സ്ഥലത്താണ് പയർ, വെണ്ട, മത്തൻ, ചുരങ്ങ, ഇളവൻ തുടങ്ങിയവ കൃഷിചെയ്ത് വിളയിച്ചത്. തൈ നട്ടതു മുതൽ വിളവെടുക്കുന്നതു വരെ ഒന്നര മാസത്തോളം കൃഷി പരിപാലിച്ചത് ഭിന്നശേഷി വിദ്യാർഥികളും പരിവാർ പഞ്ചായത്ത് കമ്മിറ്റിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.