കൊടിയത്തൂർ: വയലിൽ വരുന്ന വിവിധ പക്ഷികളെയടക്കം കെണിവെച്ച് പിടികൂടി ചുട്ടുതിന്നുന്ന സംഘത്തിലെ മൂന്നുപേരെ നാട്ടുകാർ പിടികൂടി. കൊടിയത്തൂർ പഞ്ചായത്തിലെ കക്കാടംതോടിന് സമീപമുള്ള വയലിൽനിന്നാണ് അന്തർസംസ്ഥാന തൊഴിലാളികളടങ്ങുന്ന സംഘം വിവിധ പക്ഷികളെയടക്കം കണ്ണിൽ കമ്പി കയറ്റി ക്രൂരമായി വേട്ടയാടിയത്.
വിവരമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ സംഘം സാധനങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. പന്നിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ, രാജേഷ്, രവി എന്നിവരെയാണ് പിടിയിലായത്. സംഘത്തിലെ ഒരാളെ പിടികൂടാനായില്ല.
പക്ഷികളെ പിടികൂടാനായി ഒന്നോ രണ്ടോ പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റി വയലിൽ കെട്ടിയിടും. തുടർന്ന് വല വിരിക്കും. പക്ഷികൾ പ്രാണവേദനയിൽ പിടയുമ്പോൾ മറ്റു പക്ഷികൾ ദൂരെനിന്ന് സമീപത്തെത്തും.
തുടർന്ന് ഒളിഞ്ഞിരുന്ന് ഒരുക്കിയിരിക്കുന്ന കമ്പിയിൽ വലിക്കുമ്പോൾ പക്ഷികൾ വലയിലാകും. പിടികൂടിയാൽ ഇവയെ കഴുത്തുഞെരിച്ചു കൊന്ന് തോൽ കളയുകയോ ജീവനോടെ ചാക്കിൽ തള്ളുകയോ ചെയ്യും. വയലിൽ വരുന്ന പ്രാവുകൾ, കൊക്കുകൾ, ദേശാടനപക്ഷികൾ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഇരകൾ.
വർഷങ്ങളായി ഈ പ്രദേശത്ത് ഇവർ പക്ഷിവേട്ട നടത്താറുണ്ടെന്നും എന്നാൽ പിടികൂടുമ്പോൾ തെളിവില്ലാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കൻ കഴിയാറില്ലെന്നും നാട്ടുകാർ പറഞ്ഞു. തങ്ങൾക്ക് തിന്നാനാണ് പക്ഷികളെ പിടികൂടുന്നതെന്നും തങ്ങൾ മാത്രമല്ല കൂടെ വേറെ ആളുകളുണ്ടെന്നും പിടിയിലായ രവി പറയുന്നു.
വാർഡ് മെംബർ വി. ഷംലൂലത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പൊലീസിലും വനംവകുപ്പിലും വിവരമറിയിച്ചതോടെ മുക്കം എസ്.ഐ പ്രദീപ്, കൂമ്പാറ പീടികപാറ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പക്ഷികളെ പിടികൂടാൻ ഉപയോഗിച്ച വലയും മറ്റുപകരണങ്ങളും നശിപ്പിക്കുകയും താക്കീത് ചെയ്തു വിട്ടയക്കുകയും ചെയ്തു. ഇവർക്ക് സഹായം നൽകിയ കക്കാട് സ്വദേശിയോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.