മാലിന്യമുക്ത ലക്ഷ്യത്തിലേക്ക് കുതിച്ച് കൊടിയത്തൂർ പഞ്ചായത്ത്

കൊടിയത്തൂർ: മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നുണ്ട്. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 22 പേരെ കൂടി ഗ്രാമപഞ്ചായത്ത് ഹരിത കർമസേനയിലേക്ക് പുതുതായി എടുത്തു.

നേരത്തേ 16 ഹരിതകർമ സേനാംഗങ്ങൾ മാത്രമായിരുന്നു 16 വാർഡുള്ള കൊടിയത്തൂർ പഞ്ചായത്തിൽ ഉണ്ടായിരുന്നത്. താൽക്കാലിക എം.സി.എഫ് ആയിരുന്നെങ്കിലും ആദ്യ കാലത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രവർത്തനം പിന്നിലേക്ക് വന്നു. യൂസർഫീ ലഭിക്കുന്നില്ലെന്നാണ് പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ വരുമാനം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അംഗങ്ങൾ കുറവായതിനാൽ ആരെങ്കിലും ലീവെടുക്കുമ്പോൾ അത് പ്രവർത്തനത്തെ മൊത്തത്തിൽ ബാധിക്കുന്ന സാഹചര്യവും ഉണ്ടായി.

നിലവിലെ പോരായ്മകൾ പരിഹരിച്ച് മാതൃകപരമായി മുന്നോട്ടുപോകുന്നതിനായാണ് പുതിയ 22 അംഗങ്ങളെ കൂടി ചേർത്ത് പരിശീലനം നൽകിയത്. ഏകദിന പരിശീലന പരിപാടി ചെറുവാടിയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ ഷിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. നവകേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ് മുഖ്യാതിഥിയായി. നവകേരളം മിഷൻ റിസോഴ്സ്പേഴ്സൻ രാജേഷ് കുന്ദമംഗലം ബ്ലോക്കിലെ പ്രവർത്തന പശ്ചാത്തലത്തിൽ ഹരിതകർമസേന പ്രവർത്തനരീതി വിശദീകരിച്ചു.

ശുചിത്വ മിഷൻ റിസോഴ്സ്പേഴ്സൻ ജിഷ ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കെൽട്രോൺ പ്രതിനിധി അഞ്ജന ഹരിതമിത്രം പരിശീലന പരിപാടി നയിച്ചു. ഡേറ്റ എൻട്രി, കസ്റ്റമർ എൻറോൾമെന്റ് തുടങ്ങിയവ പഠിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ ഷിബു, മെംബർമാരായ ബാബു പൊലുകുന്നത്ത്, രതീഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ തുടങ്ങിയവർ സംസാരിച്ചു.

2022 ജനുവരി മുതൽ ആഗസ്റ്റ് വരെ 3391 കിലോ പ്ലാസ്റ്റിക്കാണ് തരം തിരിച്ച് വില്പന നടത്തിയത്. അതോടൊപ്പം 2.7 ടൺ തുണി മാലിന്യവും 6.2 ടൺ കുപ്പിച്ചില്ല് മാലിന്യവും സംസ്കരണത്തിനായി കൈമാറി. നിലവിൽ ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതൽ ഹരിതകർമസേനാംഗങ്ങളെ തിരഞ്ഞെടുത്തത് പദ്ധതി പൂർത്തീകരിക്കുന്നതിന് സഹായകമാകും.

ഹരിതമിത്രം പദ്ധതിയുടെ ഭാഗമായുള്ള ക്യു.ആർ. കോഡ് സ്ഥാപിക്കലും വിവരശേഖരണവും അടുത്ത ദിവസം ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. യൂസർഫീ ലഭിക്കുന്നതിനും വാതിൽപടി ശേഖരണം കാര്യക്ഷമമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായും ഡിസംബർ മാസത്തോടെ ഹരിതമിത്രം അടിസ്ഥാനത്തിലുള്ള പാഴ്വസ്തു ശേഖരണം നടത്താൻ ലക്ഷ്യമിടുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

Tags:    
News Summary - Kodiathur gramapanchayat becoming waste-free panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.