കൊടിയത്തൂർ: സ്ത്രീകൾ, കുട്ടികൾ, പട്ടികവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർ എന്നിവർക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നൽകുന്ന പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നു. ജില്ല ലീഗൽ സർവിസ് അതോറിറ്റിയും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ലീഗൽ എയ്ഡ് ക്ലിനിക് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്നത്.
മൂന്നു ലക്ഷം രൂപക്ക് താഴെ വരുമാനമുള്ള പുരുഷന്മാർക്കും വരുമാനപരിധിയില്ലാതെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും. ദേശീയതലത്തിൽ 22 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊടിയത്തൂരിലും നടപ്പാക്കുന്നത്. ഏത് കേസുകളിലും ഏത് ഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയാണിത്.
ജാമ്യാപേക്ഷ, റിമാൻഡ്, അറസ്റ്റിനു മുമ്പുള്ള ഘട്ടം തുടങ്ങിയവക്കെല്ലാം നിയമസഹായം ലഭ്യമാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് പറഞ്ഞു. നിയമവിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തി നിയമസഹായ കാമ്പയിനടക്കം സംഘടിപ്പിക്കുകയും ചെയ്യും.
പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 13ന് സംസ്ഥാന നിയമസേവന അതോറിറ്റി ചെയർമാനും ജില്ല ജഡ്ജിയുമായ നിസാർ അഹമ്മദ് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സബ് ജഡ്ജി എം.പി. ഷൈജൽ വിഷയാവതരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.