കൊടിയത്തൂർ: ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മനക്കണ്ണുകൊണ്ട് അധ്യാപനത്തിൽ വിസ്മയം തീർക്കുകയാണ് ചെറുവാടി ഗവ. സ്‌കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകൻ പാലക്കുറ്റി നൗഷാദ്. മൂന്നര വർഷം മുമ്പ് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടെങ്കിലും തെൻറ വൈകല്യം വിദ്യാർഥികൾക്ക് ബാധ്യതയാവരുതെന്ന ദൃഢനിശ്ചയത്തോടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാഠ്യപ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് ഒരുക്കിക്കൊണ്ടിരിക്കുകയാണ് ഈ അധ്യാപകൻ. കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളായ വിൻഡോസും ഉബുണ്ടുവും ഇംഗ്ലീഷിലും മലയാളത്തിലും അനായാസം കൈകാര്യം ചെയ്യാൻ ഈ കൊടുവള്ളി സ്വദേശിക്കറിയാം.
കമ്പ്യൂട്ടറിൽ സ്ക്രീൻ റീഡർ എന്ന സോഫ്റ്റ് െവയർ ഉപയോഗിച്ച് കീ ബോർഡിലെ ഷോട്ട്കട്ടും ഉപയോഗിച്ചാണ് മുഴുവൻ ജോലികളും ചെയ്യാറുള്ളതെന്നും മൈക്രോസോഫ്റ്റ് വേഡ്, എക്സൽ, പി.ഡി.എഫ് മാറ്റൽ, ദിനാചരണ ക്വിസുകൾ, വിഡിയോകൾ, സ്‌കൂളിന് ആവശ്യമായ മാർക്ലിസ്റ്റ് അടക്കമുള്ള മുഴുവൻ പ്രമാണങ്ങളും തയാറാക്കൽ എന്നിവ നൗഷാദിന് അനായാസം കഴിയും.
ഓൺലൈൻ പഠനസമയത്ത് ക്ലാസുകളിലേക്കാവശ്യമായ ഗോൾ ഫോം, പി.പി.ടി, വ്യത്യസ്ത വിഡിയോകൾ നിർമിക്കാനും ഈ മുപ്പത്തഞ്ചുകാരൻ മുന്നിലാണ്. തെൻറ സ്മാർട്ട് ഫോണിലൂടെയാണ് സാമ്പത്തിക വിനിമയങ്ങളെല്ലാം ചെയ്യുന്നതെന്ന് നൗഷാദ് പറയുന്നു . പത്താം ക്ലാസ് വിദ്യാർഥിയായിരിക്കെ കണ്ണിന് അസുഖം ബാധിച്ചെങ്കിലും പ്ലസ്ടു പഠനകാലത്താണ് കാഴ്ചശക്തി 70 ശതമാനത്തോളം നഷ്ടപ്പെട്ടത്. പിന്നീട് മൂന്ന് വർഷത്തോളം പഠിക്കാനായില്ലെങ്കിലും ലക്ഷ്യ പൂർത്തീകരണത്തിൽനിന്ന് പിന്തിരിഞ്ഞില്ലെന്ന് നൗഷാദ് പറയുന്നു.
ഡിഗ്രിയും പി.ജിയും ടി.ടി.സിയും നെറ്റും സെറ്റും മൂന്ന് കാറ്റഗറിയിലെ കെ.ടെറ്റും സ്വന്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പി.എസ്.സി ഒന്നാം റാങ്കുകാരനാണ്. മൈമൂനിസയാണ് ഭാര്യ. ഇരട്ടക്കുട്ടികളായ ഫസീഹ് അമാനും ഫഹീം അമാനും കൂട്ടിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.