കൊടിയത്തൂർ: ഊട്ടി-കോഴിക്കോട് പാതയുടെ ഭാഗമായ എരഞ്ഞിമാവ്-കൂളിമാട് റോഡിലും കോട്ടമ്മൽ-ചെറുവാടി റോഡിലും നവീകരണ പ്രവൃത്തിയുടെ ദുരിതം കാരണം യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. കഴിഞ്ഞ ദിവസം എരഞ്ഞിമാവ്-കൂളിമാട് റോഡിൽ കെ.എസ്.ഇ.ബി ഓഫിസിന് സമീപം മാധ്യമപ്രവർത്തകനും കുടുംബവും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപെട്ടത്. അപകടത്തെതുടർന്ന് പന്നിക്കോട് സ്വദേശിയായ ഫസൽ ബാബുവിനും മകൾ ഷെൻസ ഫാത്തിമക്കുമാണ് സാരമായ പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജൽജീവൻ മിഷനും നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഓവുചാൽ നിർമാണവും മൂലമുള്ള കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ യാത്രക്കാർ അറിയാതെ അപകടത്തിൽപെടുകയാണ്. കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം ബൈക്ക് യാത്രക്കാരായ നിരവധി പേരാണ് അപകടത്തിൽപെട്ടത്.
അങ്ങാടികളിലുൾപ്പെടെ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടു. കോടികൾ മുടക്കി നവീകരിക്കുന്ന റോഡുകളിൽ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. ജൽജീവൻ മിഷൻ പ്രവൃത്തി പൂർത്തിയായിട്ടുണ്ടെങ്കിലും എരഞ്ഞിമാവ്-കൂളിമാട് റോഡിൽ പല സ്ഥലങ്ങളിലും റോഡ് സാധാരണ നിലയിലാക്കിയിട്ടില്ല. ആഗസ്റ്റ് 22ന് എരഞ്ഞിമാവ്-കൂളിമാട് റോഡ് പ്രവൃത്തി ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചിരുന്നു. ജനുവരി ഒന്നുമുതലാണ് കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാൻ ജല അതോറിറ്റിക്ക് റോഡ് കൈമാറിയത്. ഒരുമാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കി റോഡ് തിരികെ കൈമാറുമെന്ന വ്യവസ്ഥ തെറ്റിച്ച് അഞ്ചുമാസങ്ങൾക്കുശേഷമാണ് പൈപ്പിടൽ പൂർത്തിയാക്കിയത്. റോഡ് സാധാരണ നിലയിലാക്കുമ്പോൾ പകുതി ക്വാറി വേസ്റ്റും പകുതി ജിപ്സവും ഉപയോഗിക്കണമെന്നാണ് നിയമമെങ്കിലും ഒട്ടുമിക്കയിടങ്ങളിലും ക്വാറി വേസ്റ്റ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന പരാതിയും വ്യാപകമാണ്.
ഉൾപ്രദേശങ്ങളിലേക്കുള്ള ചെറിയ റോഡുകൾ ഉൾപ്പെടെ പൈപ്പിടുന്നതിനായി കുഴിച്ചിരുന്നു. പൈപ്പിടൽ പ്രവൃത്തി പൂർത്തിയാക്കി താൽക്കാലികമായി മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. മഴ പെയ്തതോടെ മണ്ണ് ഒലിച്ചുപോയി. ഇതുമൂലമാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. എത്രയും പെട്ടെന്ന് കുഴികൾ അടച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, പൊതുമരാമത്ത് വകുപ്പാണ് റോഡുകൾ സാധാരണ നിലയിലാക്കേണ്ടതെന്നും അതിനായി വകുപ്പിന് ജല അതോറിറ്റി പണം നൽകിയിട്ടുണ്ടെന്നുമാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.