കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം മാസങ്ങളായി നിലച്ചതായി പരാതി. ഇതോടെ ജോലിയും വരുമാനവുമില്ലാതെ ശേഖരണ തൊഴിലാളികളായ ഹരിത കർമസേനാംഗങ്ങൾ പ്രയാസത്തിൽ. വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ഓരോ മാസവും കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് കൊണ്ടുപോവാതെ കെട്ടിക്കിടക്കുന്നത് വീട്ടുകാർക്കും പ്രയാസം സൃഷ്ടിക്കുകയാണ്.
ഓരോ വീടുകളിൽനിന്നും ലഭിക്കുന്ന 50 രൂപയായിരുന്നു പഞ്ചായത്തിലെ 32 ഹരിത കർമസേനാംഗങ്ങളുടെ വരുമാനം. ഇത് ലഭിക്കാതായതോടെ വലിയ പ്രതിസന്ധിയാണെന്ന് ഇവർ പറയുന്നു.
കടകളിൽനിന്ന് മാലിന്യങ്ങൾ കൊണ്ടുപോവാത്തതിനാൽ വ്യാപാരികൾക്കും വലിയ ദുരിതമാണിപ്പോൾ. മഴ തുടർന്നാൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുന്നതിനും കാരണമാവും. അതിനിടെ, ചില വീടുകളിലെ മാലിന്യച്ചാക്കുകളും കുപ്പികളും പഞ്ചായത്ത് സ്ഥാപിച്ചിരുന്ന എം.സി.എഫിന്റെ അടുത്ത് കൊണ്ടുവന്നു തള്ളുന്നതും വലിയ പ്രയാസത്തിലാക്കിയിരിക്കുകയാണ്.
മാത്രമല്ല, നാടോടികൾ ചാക്കുകളുടെ കെട്ടഴിച്ച് തിരയുന്നത് മാലിന്യം കാക്കകളും മറ്റും കൊത്തിപ്പറിക്കുന്നതിനും കാരണമാവുന്നുണ്ട്. മൂന്നാം വാർഡിലെ മാട്ടുമുറിയിലെ എം.സി.എഫിലായിരുന്നു കഴിഞ്ഞ രണ്ടര വർഷവും മാലിന്യങ്ങൾ കൊണ്ടിട്ടിരുന്നത്. രണ്ടര വർഷം ശേഖരണം നല്ലനിലയിൽ പ്രവർത്തിച്ചിരുന്നു.
മാസങ്ങളായി മാലിന്യശേഖരണത്തിന് ആളുകൾ വരുന്നില്ലെന്നും അവരെ പ്രതീക്ഷിച്ച് ശേഖരിച്ചുവെച്ചതിനാൽ വീട്ടിൽ കെട്ടിക്കിടക്കുകയാണെന്നും വീട്ടമ്മയായ വളപ്പിൽ ഷാഹിത പറയുന്നു. മാലിന്യ സംഭരണത്തിനായി സ്ഥലമില്ലെന്നും ജൂലൈയിലാണ് അവസാനമായി ശേഖരിച്ചതെന്നും വാർഡ് മെംബർ പറയുന്ന മുറക്ക് തങ്ങൾ മാലിന്യ ശേഖരണത്തിന് ഒരുക്കമാണെന്നും ഹരിത കർമസേന തൊഴിലാളി സുബൈദ തോണിച്ചാൽ പറഞ്ഞു.
അതേസമയം, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ടെന്നും സംഭരണത്തിനായി സ്ഥിരം സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.