കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിൽ ഒരു വർഷത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തൂപ്പുകാരി (പി.ടി.സി.എം) തസ്തികയിലേക്ക് നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രീ പ്രൈമറി വിഭാഗത്തിലുൾപ്പെടെ നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ ശുചീകരണ പ്രവൃത്തികൾക്കും കൊച്ചുകുട്ടികളുടെ ആരോഗ്യ പരിപാലനത്തിനും ചുമതലക്കാരില്ലാതെയാണ് കഴിഞ്ഞ അക്കാദമിക വർഷം കടന്നുപോയത്.
മാർച്ച് മാസം ജില്ലയിലെ വിവിധ സ്കൂളുകളിൽ പി.ടി.സി.എം നിയമനം നടന്നെങ്കിലും ഈ വിദ്യാലയത്തെ തഴയുകയായിരുന്നു. സ്കൂൾ പരിസരത്ത് പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ശുചീകരണത്തിന് സ്ഥിരം സംവിധാനമില്ലാതെ ഏറെ പ്രയാസപ്പെടുകയാണ് വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും.
പ്രശ്നപരിഹാരത്തിനായി നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരും അധ്യാപകരും സംയുക്ത യോഗം ചേർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. പ്രവേശനോത്സവ ദിനത്തിൽ എ.ഇ.ഒ ഓഫിസ് മാർച്ചുൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.ടി. റിയാസ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എ.കെ. റാഫി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ വി.വി. നൗഷാദ് സംസാരിച്ചു. പ്രധാനാധ്യാപകൻ ടി.കെ. ജുമാൻ സ്വാഗതവും സി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.