കൊടിയത്തൂർ: കഴിഞ്ഞദിവസങ്ങളിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രോതസ്സുകൾക്ക് സമീപവും തോട്ടിലും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് പിടികൂടി.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ്. ഷാനവാസ് (28), മലപ്പുറം വള്ളുവമ്പ്രം മുസ്‍ലിയാരകത്ത് എം. അഹമ്മദ് ഹുസൈൻ (33), കോഴിക്കോട് കല്ലായി ചക്കുംകടവ് എ.കെ. സക്കറിയ (43) എന്നിവരാണ് പിടിയിലായത്. ജനപ്രതിനിധികളുടെയും നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെയും സഹകരണത്തോടെയാണ് മുക്കം പൊലീസ് മൂവരെയും പിടികൂടിയത്.
കഴിഞ്ഞദിവസം കൊടിയത്തൂരിലെ ഒരുസ്ഥാപനത്തിൽനിന്ന് കക്കൂസ് മാലിന്യം ശേഖരിച്ചവരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽനിന്ന് കക്കൂസ് മാലിന്യം എടുക്കാനുണ്ടെന്ന് അറിയിച്ച് അവിടെ എത്തിച്ച് പിടികൂടുകയായിരുന്നു.
ഇവരാവശ്യപ്പെട്ട പ്രകാരം അഡ്വാൻസ് ഉൾപ്പെടെ ഗൂഗിൾ പേ വഴി നൽകിയാണ് പിടികൂടിയത്. മാലിന്യം നിറക്കാനായി എത്തിയ ടാങ്കർ ലോറിയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ രാത്രിയിൽ നെല്ലിക്കാപറമ്പിലും കറുത്തപറമ്പിലും രാത്രിയിൽ മാലിന്യം തള്ളിയതിനെ തുടർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു.
അടിയന്തര നടപടിയാവശ്യപ്പെട്ട് ലിന്റോ ജോസഫ് എം.എൽ.എയും രംഗത്തെത്തി. തുടർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഓപറേഷനാണ് വിജയംകണ്ടത്.
മുക്കം എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. യഥാർഥ പ്രതികളെ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും പ്രതികളെ സംരക്ഷിക്കാൻ ഇടപെടലുകൾ നടക്കുന്നതായി സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.