കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ തിങ്കളാഴ്ച രണ്ട് സാക്ഷികളുടെകൂടി വിസ്താരം പൂർത്തിയായി. 54ാം സാക്ഷി തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ ജോയന്റ് കെമിക്കൽ എക്സാമിനറായി വിരമിച്ച രാജാ ബെൻസി, 55ാം സാക്ഷി കോഴിക്കോട് കോർപറേഷൻ മുൻ ഹെൽത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവരുടെ വിസ്താരമാണ് നടന്നത്.
കോഴിക്കോട് റീജനൽ കെമിക്കൽ ലാബിൽ ജോലിചെയ്യവെ റോയി തോമസിന്റെ ആന്തരികാവയവം പരിശോധിച്ചതിൽ സയനൈഡ് അംശം കണ്ടിരുന്നതായി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ രാജാ ബെൻസി മാറാട് പ്രത്യേക കോടതിയിൽ മൊഴി നൽകി. കൂടത്തായിയിൽ 2011ൽ കൊല്ലപ്പെട്ട റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയിൽ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചെന്നാണ് മൊഴി. കെമിക്കൽ എക്സാമിനർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും കോടതിയുടെ മുന്നിലുണ്ട്. കേസിലെ ഒന്നാം പ്രതിയായ ജോളി, ഭർത്താവായിരുന്ന റോയ് തോമസിനെ സയനൈഡ് നൽകി കൊന്നു എന്നാണ് കേസ്. മെഡിക്കൽ കോളജിൽ റോയിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് വിഭാഗത്തിലെ ഡോ. സോനു മരിച്ച വിവരം കോർപറേഷൻ ഹെൽത് ഓഫിസറായിരുന്ന ഡോ. ഗോപകുമാറും കോടതിയിൽ സാക്ഷ്യപ്പെടുത്തി. ഡോക്ടറുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഒന്നാം പ്രതി ജോളിക്ക് വേണ്ടിയുള്ള എതിർ വിസ്താരം മാറ്റാൻ അവരുടെ അഭിഭാഷകൻ അപേക്ഷ നൽകിയെങ്കിലും കോടതി വിസ്താരം അവസാനിപ്പിക്കുകയായിരുന്നു. സാക്ഷി വിസ്താരം ഈ മാസം 10ന് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.