കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊല പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ തിങ്കളാഴ്ച ഒരു സാക്ഷിയുടെകൂടി വിസ്താരം പൂർത്തിയായി. ഏഴാം സാക്ഷിയും റോയ് തോമസിന്റെ ബന്ധുവുമായ പൂവാട്ട്പറമ്പ് പി.എച്ച്. ജോസഫിന്റെ വിസ്താരമാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായത്. എന്നാൽ, ഒന്നാം പ്രതി ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി. എ. ആളൂർ തിങ്കളാഴ്ചയും എതിർവിസ്താരം നടത്തിയില്ല. വിചാരണ ഇൻ കാമറയായി നടത്തുന്നതിനെതിരെ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ തീരുമാനമായിട്ട് മതി വിസ്താരമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹരജി നൽകിയതായി രേഖപ്പെടുത്തി കോടതി നടപടികൾ തുടരുകയായിരുന്നു.
ആറാം സാക്ഷി കൂടത്തായ് അന്താനത്ത് എൻ.പി. മുഹമ്മദ് എന്ന ബാവയുടെ പ്രോസിക്യൂഷൻ വിസ്താരവും ആരംഭിച്ചു. ഇദ്ദേഹത്തിന്റെ തുടർവിസ്താരവും പ്രതിഭാഗം ക്രോസ് വിസ്താരവും ചൊവ്വാഴ്ച നടക്കും. എട്ട് മുതൽ 10 വരെ സാക്ഷികളുടെ വിസ്താരവും ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
റോയ് തോമസിന്റെ ബന്ധുവാണെന്നും സംഭവം സംബന്ധിച്ച് പൊലീസിൽ പ്രഥമവിവരം നൽകിയത് താനാണെന്നും പി.എച്ച്. ജോസഫ് സ്പെഷൽ പ്രോസിക്യൂഷൻ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ പറഞ്ഞു. കേസന്വേഷണസമയം ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പൊലീസിൽ അറിയിച്ചപ്പോൾ മരണത്തിൽ സംശയമില്ലെന്ന് അന്ന് സാക്ഷി പൊലീസിൽ പറഞ്ഞ കാര്യം രണ്ടാം പ്രതിയുടെ അഭിഭാഷകൻ അഡ്വ. ഷഹീർ സിങ് എതിർവിസ്താരത്തിൽ ഉന്നയിച്ചു. 2011ൽ പൊലീസ് അസ്വാഭാവിക മരണത്തിനെടുത്ത കേസിൽ 2019ൽ കൊലപാതകമുന്നയിക്കുന്നവരെ സാക്ഷി എവിടെയും സംശയമുയർത്തിയില്ലെന്നും പ്രതിഭാഗം വാദിച്ചു.
കൊലപാതക വാർത്ത വന്നപ്പോൾ ജോളിയുമായി കോഴിക്കോട്ട് അഭിഭാഷകന്റെ ഓഫിസിൽ പോയതായും അവിടെെവച്ച് സയനൈഡ് രണ്ടാം പ്രതിയാണ് നൽകിയതെന്ന് കേട്ടുവെന്നുമുള്ള മൊഴി മജിസ്ട്രേറ്റിനുമുന്നിൽ പറയാതിരുന്നതും പ്രതിഭാഗം ഉന്നയിച്ചു.
സംഭവം നടന്ന വീടിന്റെ തൊട്ടടുത്ത് താമസിച്ചയാളാണെന്ന് സാക്ഷി മുഹമ്മദ് എന്ന ബാവയും മൊഴി നൽകി. മരണ വിവരങ്ങളറിഞ്ഞ് വീട്ടിൽ ഓടിയെത്തിയതു സംബന്ധിച്ചും റോയ് തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കൂടെപ്പോയ കാര്യത്തിലും സാക്ഷി മൊഴി നൽകി. ഒന്നാം സാക്ഷിയും റോയ് തോമസിന്റെ സഹോദരിയുമായ രഞ്ജി വിൽസന്റെ വിസ്താരം ബുധനാഴ്ച പൂർത്തിയായിരുന്നു. ഇതോടെ കേസിൽ രണ്ട് സാക്ഷികളുടെ വിസ്താരം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.