കൊയിലാണ്ടി: ഓണക്കാലമാണെങ്കിലും മത്സ്യമേഖല വറുതിയിലേക്ക് നീങ്ങുകയാണ്. മത്സ്യബന്ധന മേഖലയിലെ നിയന്ത്രണങ്ങളും ഇടനിലക്കാരുടെ ചൂഷണവുമാണ് മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് തടസ്സം സൃഷ്ടിക്കുന്നത്. ചെറുമത്സ്യങ്ങൾ സുലഭമാണെങ്കിലും മത്സ്യബന്ധനത്തിന് കടലിൽ പോകുന്നവരുടെ നില പരിതാപകരമാണ്.
ഒരു ബോക്സ് കുഞ്ഞൻമത്തി ഹാർബറിൽ എത്തിച്ചുകഴിഞ്ഞാൽ 500 രൂപയാണ് ഇവർക്കു ലഭിക്കുക. മംഗളൂരുവിലേക്കാണ് മത്സ്യ ഏജന്റുമാർ ഇത് കൊണ്ടുപോവുക. അവിടെ വൻകിട കമ്പനികൾ ഇവ വിലകുറച്ച് വാങ്ങി, മീനെണ്ണക്കും, സംസ്കരിച്ച ശേഷമുള്ള അവശിഷ്ടങ്ങൾ കോഴിക്കും മത്സ്യത്തിനുമുള്ള തീറ്റക്കുമാണ് ഉപയോഗിക്കുന്നത്. 2500 രൂപയാണ് അവിടെ ഒരു ബോക്സിന്, വിൽപന ഏജൻസിക്കു ലഭിക്കുന്നത്. മത്സ്യബന്ധനത്തിന് പോവുന്ന ഒരു വലിയ ബോട്ടിൽ 50ഉം 60ഉം തൊഴിലാളികളാണുണ്ടാവുക. നൂറുകണക്കിന് ലിറ്റർ ഡീസലോ മണ്ണെണ്ണയോ ഇതിന് ചെലവു വരും. മീൻ കിട്ടി തിരികെ വന്നാൽ വിലക്കുറവ് കാരണം പലപ്പോഴും ഇന്ധനച്ചെലവ് മാത്രമാണ് ഇവർക്കു ലഭിക്കുക.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലക്കും ഇപ്പോൾ വലിയ തോതിൽ വില വർധിച്ചിട്ടുണ്ട്. സർക്കാർ വകയിൽ മണ്ണണ്ണയും ഡീസലും മാസത്തിലൊരിക്കൽ നൽകാറുണ്ടെങ്കിലും ഇത് ഒരു ദിവസത്തേക്കുപോലും തികയാത്ത അവസ്ഥയാണ്. പിന്നീട് ആവശ്യംവരുന്ന മണ്ണെണ്ണ ലിറ്ററിന് നൂറുരൂപ നൽകി സ്വകാര്യ ഏജൻസികളിൽനിന്ന് വാങ്ങുകയാണ് പതിവ്.
വിദേശ ബോട്ടുകളുടെയും കപ്പലുകളുടെയും മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളെ പ്രയാസത്തിലാക്കുന്നു. ഇവർ ഡബിൾ നെറ്റ് ആയിരം പോയന്റ് വലയിൽ മത്സ്യത്തെ കോരിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കടൽ കാലിയായിത്തീരുകയാണെന്നും ഇവരെ നിയന്ത്രിക്കാൻ ശക്തമായ പട്രോളിങ് ഇല്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ചെറിയ മത്സ്യങ്ങൾ പിടിക്കരുതെന്ന നിർദേശംകൂടി വന്നതോടെ ദുരിതം ഏറിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.