കൊയിലാണ്ടി: പൊതുതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഏജൻസിയായി പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാർക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ചെയ്ത ജോലിക്ക് വേതനമില്ലെന്ന് പരാതി. വോട്ടർ പട്ടികയിൽ പേരുചേർക്കൽ, ഒഴിവാക്കൽ, തെരഞ്ഞെടുപ്പു സമയത്ത് സ്ലിപ് വിതരണം ചെയ്യൽ, ഐഡന്റിറ്റി കാർഡ് വിതരണം ചെയ്യൽ തുടങ്ങി നിരവധി ജോലികളാണ് ബൂത്ത് ലെവൽ ഓഫിസർമാർ നിർവഹിക്കേണ്ടത്.
പ്രതിവർഷം 7200 രൂപയാണ് ഈ അധിക ജോലിക്ക് കിട്ടുന്ന ബത്ത. ഫോൺ ചാർജ് ചെയ്യാൻ പൈസയും ഇലക്ഷൻ ദിവസങ്ങളിലെ പ്രവർത്തനത്തിന് പ്രത്യേക ബത്തയും നൽകണമെന്നാണ് വ്യവസ്ഥ. 85 വയസ്സു കഴിഞ്ഞവർ വീട്ടിൽ വെച്ച് വോട്ടുചെയ്യുമ്പോൾ അതിനൊപ്പം ബി.എൽ.ഒമാർ ഉണ്ടായിരിക്കണം. ഈ ഡ്യൂട്ടിക്ക് അധികൃതർ ഉചിതമായ സമയത്ത് ലീവ് അനുവദിക്കുന്നില്ലെന്നും ബി.എൽ.ഒമാർ പറയുന്നു.
രണ്ടു വർഷമായി ഒരു രൂപപോലും വേതനമായി ഇവർക്ക് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഇലക്ഷൻ വിഭാഗത്തിൽ മറ്റെല്ലാ വിഭാഗക്കാർക്കും പണം നൽകിയിട്ടും ഇവരെ പരിഗണിച്ചില്ലെന്നാണ് പരാതി. തെരഞ്ഞെടുപ്പു ദിവസം രാവിലെ മുതൽ അവസാനിക്കുന്നതുവരെ ബൂത്തിൽ ഇവർക്ക് നിർബന്ധിത ഡ്യൂട്ടിയുമുണ്ട്.
റൂട്ട് ഓഫിസർ മുതൽ പ്രിസൈഡിങ് ഓഫിസർമാർ വരെയുള്ള തെരഞ്ഞടുപ്പ് ജോലിക്കാർ 1000 മുതൽ 5000 വരെ വേതനമായി കൈപ്പറ്റുമ്പോഴാണ് സകലവിധ ജോലിയും ഓടിനടന്നു ചെയ്യുന്ന ബി.എൽ.ഒമാർക്ക് വേതനം ലഭിക്കാത്തത്. ബി.എൽ.ഒ ജോലിയിലുണ്ടായ താൽപര്യവും രാഷ്ട്രീയ പാർട്ടികളോടുള്ള ആഭിമുഖ്യവുമായിരുന്നു പലരെയും ഇതിൽ എത്തിച്ചത്.
എന്നാൽ, ഇപ്പോൾ എല്ലാവർക്കും ഈ തൊഴിൽ മടുത്ത മട്ടാണ്. പകരക്കാരെ കണ്ടെത്താൻ ഏറെ പ്രയാസമുള്ളതിനാൽ ആർക്കും ഒഴിയാൻ കഴിയുന്നുമില്ല. വരുംകാലത്ത് ബൂത്ത് ലെവൽ ഓഫിസർമാരുടെ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ഇവർ പറയുന്നു. തെരഞ്ഞെടുപ്പു ഫലം വരുമ്പോഴേക്കും വേതനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.