കോഴിക്കോട്: അടിസ്ഥാനസൗകര്യങ്ങൾ പലതും വർധിപ്പിക്കുേമ്പാഴും വനിതദിനത്തിലും നമ്മുടെ നാടും നഗരവും സ്ത്രീസൗഹൃദമാകുന്നില്ലെന്നാണ് നഗരത്തിലെത്തുന്ന സ്ത്രീകളുടെ പരാതി.
നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് മൂത്രശങ്ക തീർക്കാൻ സൗകര്യമില്ല. സ്ത്രീകൾ മൂത്രശങ്കയുമായി ബാത്റൂമും തേടിയലയണം. ഹോട്ടലുകൾ മാത്രമാണ് അവസാന ആശ്രയം.
മിഠായിത്തെരുവിൽ എവിടെയും പൊതുശുചിമുറികളില്ല. പുതിയ ബസ്സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ശുചിമുറികൾ ഉണ്ടെങ്കിലും അവിടേക്ക് കയറാൻ പോലും തോന്നില്ല. മുമ്പ് നഗരത്തിൽ വ്യാപകമായി ഷീ ടോയ്ലറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് അവ ഉപയോഗ യോഗ്യമല്ലാതായി. ഓട്ടോമാറ്റിക് സംവിധാനത്തിൽ പലപ്പോഴും ആളുകൾ കയറാനും മടിച്ചു. പലതിലും ഓട്ടോമാറ്റിക് സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിനാൽ വാതിലുകൾപോലും തുറക്കാൻ കഴിയാതായി. അതോടെ അവ ഉപേക്ഷിച്ചു. ബീച്ചിലെ ശുചിമുറികൾ തുറന്നുകൊടുക്കാൻ അധികൃതർ തയാറായിട്ടില്ല.
വിശ്രമകേന്ദ്രങ്ങളും മുലയൂട്ടൽ കേന്ദ്രങ്ങളും പാഡ് വെൻഡിങ്, പാഡ് ഡിസ്പോസൽ സൗകര്യങ്ങളുള്ള ശുചിമുറികളും ഉൾപ്പെടുന്ന ലക്ഷണമൊത്ത, വൃത്തിയുള്ള, ഉപയോഗസൗഹൃദമായ കംഫർട്ട് സ്റ്റേഷനുകളാണ് ആവശ്യം.
കൈക്കുഞ്ഞുങ്ങളെയുമായി യാത്ര െചയ്യുന്ന സ്ത്രീകൾക്കായി വിശ്രമകേന്ദ്രങ്ങളും മുലയൂട്ടൽ കേന്ദ്രങ്ങളും ഒരുക്കേണ്ടതുണ്ട്. മിഠായിത്തെരുവ്, മാനാഞ്ചിറ, ബീച്ച് തുടങ്ങി നഗരത്തിൽതന്നെ കുഞ്ഞുങ്ങളുമായി നിരവധി സ്ത്രീകൾ എത്തുന്ന ഇടങ്ങളുണ്ട്.
കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിലും ബസ്സ്റ്റാൻഡുകളിലും മുലയൂട്ടൽ കേന്ദ്രങ്ങൾ ആവശ്യമാണ്.
കെ.എസ്.ആർ.ടി.സി ബസ് െടർമിനലിൽ മുലയൂട്ടൽ കേന്ദ്രമുണ്ട്. എന്നാൽ, അത് ഉപയോഗിക്കണമെങ്കിൽ സെക്യൂരിറ്റി ജീവനക്കാരോട് ചോദിക്കണം. മുഴുവൻ സമയവും തുറന്നിടാറുമില്ല. നഗരത്തിൽ അലഞ്ഞുനടക്കുന്നവർ രാത്രി ഇവിടെ താവളമാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അടച്ചിടാൻ തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു.
രാത്രി നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഇടം ആവശ്യമാണ്. 'എെൻറ കൂട്' പോലെ സൗകര്യങ്ങൾ ഉണ്ടെങ്കിലും അവയൊന്നും വേണ്ടത്ര പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.
പലരും ഇത്തരം കാര്യങ്ങൾ അറിയുന്നുമില്ല. പിങ്ക് പൊലീസിെൻറ സഹായം ലഭ്യമാക്കുകയും അതോടൊപ്പം ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നാണ് ആവശ്യം.വർക്കിങ് വിമൻ ഹോസ്റ്റലുകളാണ് കാലങ്ങളായി സ്ത്രീകൾ നിരന്തരം ആവശ്യപ്പെടുന്നത്. രാത്രി ഏഴ് കഴിഞ്ഞാൽ കയറ്റാത്ത ഹോസ്റ്റലുകളാണ് ഏറെയും നഗരത്തിലുള്ളത്. രാത്രി വൈകിയും ഡ്യൂട്ടി െചയ്യുന്ന സ്ത്രീകൾക്ക് തല ചായ്ക്കാൻ ഇടമില്ല.എല്ലാ ജില്ല കേന്ദ്രങ്ങളിലും ഷീ ലോഡ്ജുകൾ തുടങ്ങുമെന്ന് മന്ത്രിസഭ 2020ൽ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
പുരുഷൻമാരാണ് നിയമനിർമാണ സഭകളിൽ എന്നതാണ് നാട് സ്ത്രീസൗഹൃദമല്ലാതാകുന്നതിെൻറ പ്രധാനകാരണമെന്ന് അന്വേഷി പ്രസിഡൻറ് കെ. അജിത പറഞ്ഞു. എല്ലാ പാർട്ടികളും സ്ഥാനാർഥികളിൽ 25 ശതമാനമെങ്കിലും സ്ത്രീകളെ നിർത്തട്ടെ. അവർക്ക് ജയിക്കുന്ന സീറ്റും നൽകട്ടെ. ഭരണാധികാരികളായി സ്ത്രീകൾ വരുേമ്പാൾ പ്രശ്നങ്ങൾക്ക് സ്വാഭാവികമായി പരിഹാരവും ഉണ്ടാകുമെന്നും അജിത കൂട്ടിച്ചേർത്തു.
നഗരം കൂടുതൽ സ്ത്രീസൗഹൃദമാകേണ്ടതുണ്ടെന്ന് മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ പലതും അറിയപ്പെടുന്നില്ല. പിങ്ക് പൊലീസ്, എെൻറ കൂട്, ഷീ ലോഡ്ജ് തുടങ്ങിയ സംവിധാനങ്ങൾ സംബന്ധിച്ച് ഫോൺ നമ്പറും വിലാസവും സഹിതം പൊതുസ്ഥലങ്ങളിൽ പരസ്യം ചെയ്യണം. ഓട്ടോ ഡ്രൈവർമാരുടെ ആപ് നിർമിക്കുകയും അത് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുകയും െചയ്യാം. അതിനുവേണ്ട നടപടികൾ കോർപറേഷൻ സ്വീകരിക്കും. നഗരത്തിൽ ശുചിമുറികൾ നിർമിക്കേണ്ടത് അത്യാവശ്യമാണെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.