കോഴിക്കോട്: നഗരത്തിൽ വിവിധ കെട്ടിടങ്ങൾക്കുള്ള നികുതി പുതുക്കിനിശ്ചയിക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. വസ്തു നികുതി കുറഞ്ഞതും കൂടിയതുമായ നിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ തീരുമാനം.
സർക്കാർ വിജ്ഞാപന പ്രകാരം ധനകാര്യ സ്ഥിരം സമിതി നിർദേശിച്ച നികുതിയാണ് കൗൺസിൽ അംഗീകരിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള മാളുകളുടെ നികുതി നേരത്തേ പുതുക്കിനിശ്ചയിച്ച 160ൽനിന്ന് 170 ആയി ഉയർത്തും. 300 ചതുരശ്ര മീറ്ററുള്ള വീടുകൾക്ക് (ഹോംസ്റ്റേ അടക്കം) 30 രൂപയായും 300 ചതുരശ്രമീറ്ററിന് മുകളിലുള്ളവക്ക് 22 രൂപയാക്കിയുമാണ് നിശ്ചയിച്ചത്. പൊതുജനങ്ങളിൽ നിന്നുള്ള ആക്ഷേപങ്ങളും പരാതിയും പരിഗണിച്ച ശേഷമേ അന്തിമ നികുതി നിശ്ചയിക്കൂവെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു.
സ്വകാര്യ ഹോസ്റ്റലിന് നിലവിലുള്ള 60 രൂപ 75 രൂപയായും റിസോർട്ടിന് 90 രൂപ 100 ആയും ലോഡ്ജ്, ഹോട്ടൽ എന്നിവക്ക് (300 ച. മീ. വരെ) 60 രൂപയുള്ളത് 75 ആയും 300 ച. മീ. മുകളിലുള്ളവക്ക് 80 വരെയായും കൂട്ടി. വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ 16 രൂപയുള്ളത് 20 ആയും ആശുപത്രിക്ക് 20, 35 ആയും അമ്യൂസ്മെന്റ് പാർക്കിന് 60 രൂപയായും മൊബൈൽ ടവറിന് 500 രൂപ 800 ആയും ടെലികമ്യൂണിക്കേഷന് പോളിന് 700 രൂപയായും വാണിജ്യ കെട്ടിടം(100 ച.മീ. വരെ) 90 ഉള്ളത് 100 വരെയും സർക്കാർ ഓഫിസ് കെട്ടിടത്തിന് 75 രൂപയായും മറ്റ് ഓഫിസുകൾക്ക് 75, 90 ആയും ജിംനേഷ്യം, ടർഫ്, നീന്തൽക്കുളം എന്നിവക്ക് 60 ആയും ആയുർവേദ ചികിത്സ കേന്ദ്രത്തിന് 200 രൂപയായുമാണ് നിശ്ചയിച്ചത്.
ഏറെക്കാലമായി പണിതീർത്ത ശേഷം വെറുതെ കിടക്കുന്ന റെയിൽവേ സ്റ്റേഷന് സമീപത്തെ ഷീ ലോഡ്ജ്, മാങ്കാവിലെ വനിത ഹോസ്റ്റൽ എന്നിവക്ക് നടത്തിപ്പുകാരെ നിശ്ചയിക്കാൻ കൗൺസിൽ തീരുമാനിച്ചു. ഇതിനായി ക്വട്ടേഷൻ ക്ഷണിച്ചതിൽ ഏറ്റവും അധികം തുകയായ 9,00,000 രൂപ ക്വാട്ട് ചെയ്തയാൾക്ക് മാങ്കാവ് വനിത ഹോസ്റ്റലും 11,11,500 രൂപക്ക് ഷീ ലോഡ്ജും നടത്തിപ്പിന് നൽകാനാണ് തീരുമാനം.
കോർപറേഷൻ കെട്ടിടങ്ങൾ വാടകക്ക് എടുക്കുന്നവർ അവ മേൽവാടകക്ക് കൊടുക്കുന്നത് തടയാൻ നടപടിയുണ്ടാവുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. കെ.ടി. സുഷാജാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. വികസന ഫണ്ട് സർക്കാറിൽനിന്ന് ലഭ്യമാവുന്നില്ലെന്ന് കാണിച്ചുള്ള ലീഗിലെ കെ. മൊയ്തീൻ കോയയുടെയും കല്ലുത്താൻ കടവ് പ്ലാന്റിന്റെ ബലക്ഷയത്തെപ്പറ്റിയുള്ള ബി.ജെ.പിയിലെ ടി. റനീഷിന്റെയും അടിയന്തര പ്രമേയത്തിന് ഡെപ്യൂട്ടി മേയർ അനുമതി നിഷേധിച്ചു. എൻ.ഐ.ഐ.ടി റിപ്പോർട്ടിൽ ഫ്ലാറ്റിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയെന്നും മറ്റ് അടിയന്തിര നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. വികസന ഫണ്ട് കിട്ടുന്നില്ലെന്നത് ശരിയല്ലെന്നും പറഞ്ഞുകൊണ്ടാണ് അനുമതി നിഷേധിച്ചത്.
മിഠായിത്തെരുവിൽ മേലേ പാളയത്തിനും മൊയ്തീൻ പള്ളി റോഡിനുമിടയിലുള്ള ചെറിയ ഭാഗത്ത് വാഹനങ്ങൾക്ക് പ്രവേശനമനുവദിച്ചാൽ ഗതാഗതക്കുരുക്കൊഴിവാകുമെന്ന് എസ്.കെ. അബൂബക്കർ ശ്രദ്ധക്ഷണിച്ചു.
ഇക്കാര്യം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ കൗൺസിൽ തീരുമാനിച്ചു. കോർപറേഷൻ സ്റ്റേഡിയം ഗോകുലം എഫ്.സിയിൽനിന്ന് തിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും കരാർ കാലാവധി കഴിഞ്ഞ് അവർ തന്നെ കൈവശംവെക്കുന്ന കാര്യത്തിൽ കെ. മൊയ്തീൻ കോയ ശ്രദ്ധ ക്ഷണിച്ചു. എന്നാൽ, വ്യവസ്ഥകൾ അനുവദിച്ചാൽ കരാർ തുടരാമെന്നായിരുന്നു കോർപറേഷൻ തീരുമാനിച്ചതെന്നും നിലവിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഫുട്ബാൾ അസോസിയേഷനാണെന്നും ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ടി. മുരളീധരൻ, കെ. റംലത്ത്, എൻ. ശിവപ്രസാദ്, കെ.സി. ശോഭിത തുടങ്ങിയവരും വിവിധ വിഷയങ്ങൾ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.