കോഴിക്കോട്: നിശ്ചിത മാനദണ്ഡങ്ങൾ ആർജിച്ച് ഗുണമേന്മക്കുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നഗരസഭയുടെ പദ്ധതി നാലു കൊല്ലം കഴിഞ്ഞിട്ടും ലക്ഷ്യം കണ്ടില്ല. ഇതിനായി ഗുണമേന്മാ നയവും ലക്ഷ്യങ്ങളും നഗരസഭ തയാറാക്കി അംഗീകാരം നേടി കഴിഞ്ഞ ഡിസംബർവരെ മൊത്തം പ്രവർത്തനങ്ങൾക്ക് 9,46,889 രൂപ ചെലവഴിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഐ.എസ്.ഒ എന്ന ലക്ഷ്യം നേടുന്നതിനായി കൺസൾട്ടൻസിയെ നിയമിച്ചിരുന്നു. നഗരസഭയുടെ പ്രവർത്തനം കാര്യക്ഷമമാക്കി യഥാസമയം ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്നതാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കാൻ ചെയ്യേണ്ടത്. സർട്ടിഫിക്കേഷൻ കിട്ടാനായി 2019-20 മുതൽ കോർപറേഷൻ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. അന്ന് ഐ.എസ്.ഒ 9001-2015 സർട്ടിഫിക്കേഷൻ ആറ് മാസത്തിനകം ലഭ്യമാകുമെന്ന് പ്രഖ്യാപനവുമായി ഇതിനുള്ള പ്രവർത്തനങ്ങൾക്ക് ഏജൻസിയെ ചുമതലപ്പെടുത്തിയത്. 2020 ജൂലൈ 10 നകം സർട്ടിഫിക്കേഷൻ ലഭ്യമാക്കാമെന്നായിരുന്നു ധാരണ. ഓഫിസിലെ വിവിധ വിഭാഗം ജീവനക്കാർക്ക് സ്ഥാപനം പരിശീലനവും തുടങ്ങി. കോവിഡും ഓഫിസ് നവീകരണപ്രവൃത്തിയും കാരണം കരാർ 2021 മാർച്ച് 31 വരെ നീട്ടി. പിന്നീടിത് 2022 മാർച്ച് 31 വരെയാക്കി. എന്നാൽ, പദ്ധതി വീണ്ടും നീണ്ടുപോകുകയാണ്.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളപ്പോൾതന്നെ മുഖ്യമന്ത്രിയുടെ ഓഫിസിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ആർജിക്കാനായിരുന്നു. സി.ഡിറ്റ്, തിരുവനന്തപുരത്തെ ഗവ.പ്രസുകൾ എന്നിവയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽതന്നെ സർട്ടിഫിക്കേഷൻ ലഭ്യമാക്കാനായി. കോഴിക്കോട്ട് കരാറെടുത്ത ‘അക്വ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡാ’ണ് മുഖ്യമന്ത്രിയുടെ ഓഫിസിലെയും ഇതിനുള്ള കരാറുകാർ.
ഈ സാഹചര്യത്തിൽ കോവിഡും ഓഫിസ് നവീകരണവും തടസ്സമായതായി പറയാനാവില്ലെന്നും നടപടികൾ പൂർത്തിയാക്കാത്തതിന് വിശദീകരണം നൽകണമെന്ന് ഓഡിറ്റ് വിഭാഗം കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്.
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കാൻ ഗുണമേന്മ നയം തയാറാക്കി പ്രസിദ്ധീകരിക്കണമെന്ന് കൺസൾട്ടൻസി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ നാല് കൊല്ലം മുമ്പ് ഗുണമേന്മനയം പ്രഖ്യാപിച്ചു.
360 ദിവസത്തിനകം നടപ്പാക്കേണ്ട പദ്ധതികൾ ഉൾപ്പെടുത്തി നഗരസഭ നേരത്തേ ‘ഓപറേഷന് മിഷന് 360’ പ്രഖ്യാപിച്ചിരുന്നു.
സമയബന്ധിത സേവനവും ജനങ്ങളുടെ സംതൃപ്തി ഉറപ്പാക്കലും.
സേവനങ്ങള്‍ ഓണ്‍ലൈനായി മാറും. ന്യൂനതകൾ പരിഹരിക്കാൻ നടപടി വേണം.
അർഹരായവർക്കെല്ലാം സാമൂഹിക സുരക്ഷ പെൻഷൻ ലഭ്യമാക്കണം
അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പൂര്‍ത്തിയാക്കണം
പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരം, പാർക്കിങ് പ്ലാസകൾ
കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ
ശൗചാലയങ്ങള്‍ സൗകര്യങ്ങൾ,വെളിയിട വിസര്‍ജനമില്ലാത്ത നഗരമെന്ന പദവി നിലനിര്‍ത്തൽ
പുതിയ പദ്ധതികളിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തും. ഇതുവരെ പരിഗണിച്ചിട്ടില്ലാത്ത മേഖലകളിൽ പ്രവര്‍ത്തനം തുടങ്ങാൻ ചട്ടങ്ങളുണ്ടാക്കണം
എ.ബി.സി പദ്ധതി കൃത്യമാക്കണം.
ദീര്‍ഘകാലത്തേക്കുള്ള ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പദ്ധതികള്‍ ഒരുക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.