കോഴിക്കോട്: ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മെഡിക്കല്‍ കോളജ് മലിനജല സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ മലിനജല സംസ്കരണ പ്ലാന്റിന് എതിരായല്ല, പ്ലാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യേണ്ടത്.
മെഡിക്കല്‍ കോളജിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്പറേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച ഒരു ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ടാമത്തെ മലിനജല സംസ്കരണ പ്ലാന്റാണ് ഉദ്ഘാടനം ചെയ്തത്.
നഴ്സിങ് കോളജിന് സമീപം പ്രവര്‍ത്തനസജ്ജമായ പ്ലാന്റില്‍ ഡെന്റല്‍ കോളജ്, നഴ്സിങ് കോളജ്, പേ വാര്‍ഡ്, നഴ്സിങ് ഹോസ്റ്റല്‍, ലെക്ചര്‍ കോംപ്ലക്സ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളിലെ ശുചിമുറിമാലിന്യമാണ് സംസ്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രോലിറ്റിക് ടെക്നോളജി ഉപയോഗിച്ച് ദ്രവമാലിന്യം സംസ്കരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ആശംസയറിയിച്ചു. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ വിശിഷ്ടാതിഥിയായി. കോര്പറേഷന് സെക്രട്ടറി കെ.യു. ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ ഡോ. എസ്. ജയശ്രീ, പി.സി. രാജന്, ഒ.പി. ഷിജിന, പി. ദിവാകരന്, പി.കെ. നാസര്‍, സി. രേഖ, കൗണ്‍സിലര്‍മാര്‍, അമൃത് മിഷന് ഡയറക്ടര്‍ അലക്സ് വര്‍ഗീസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍, സൂപ്രണ്ടിങ് എൻജിനീയര്‍ ദിലീപ്, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് സ്വാഗതവും എം.സി.എച്ച് പ്രിന്‍സിപ്പല്‍ ഡോ. എന്‍. അശോകന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.