കോഴിക്കോട്: മുത്തങ്ങ ദേശീയ പാത വികസനത്തിനുള്ള പദ്ധതി തയാറാക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാനം ഇടപെടും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. മലാപ്പറമ്പ് - പുതുപ്പാടി, പുതുപ്പാടി - മുത്തങ്ങ എന്നീ രണ്ട് റീച്ചുകളായാണ് പദ്ധതി രേഖ തയാറാക്കുന്നത്. മലാപ്പറമ്പ് - പുതുപ്പാടി 35 കിലോ മീറ്റര്‍ ദൂരവും പുതുപ്പാടി - മുത്തങ്ങ 77.8 കിലോ മീറ്ററുമായാണ് വികസിപ്പിക്കുക. ഈ റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിനാണ് പദ്ധതി തയാറാക്കുന്നത്.
താമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിന് സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 35.49 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. കൽപറ്റ ബൈപാസ് നാലുവരി ആയി വികസിപ്പിക്കുന്നതിന് 162.69 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കാനുള്ള ഇടപെടലും പൊതുമരാമത്ത് വകുപ്പ് ശക്തമാക്കും. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ വകുപ്പു സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. മലാപ്പറമ്പ് -പുതുപ്പാടി റീച്ചില്‍ തീരുമാനിച്ച ഉപരിതല നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിർദേശം നല്കി. കോഴിക്കോട് നഗരത്തില്‍ പഴയ എന്‍.എച്ചിലെ പ്രവൃത്തി പുരോഗതിയും മന്ത്രി വിലയിരുത്തി. തലശ്ശേരി-മാഹി ദേശീയ പാതയിലെ പ്രവൃത്തിയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. മന്ത്രിക്കു പുറമെ വകുപ്പു സെക്രട്ടറി കെ. ബിജു, അഡീഷനല്‍ സെക്രട്ടറി എ. ഷിബു, ചീഫ് എൻജിനീയര്‍മാരായ അജിത് രാമചന്ദ്രന്, എം. അന്‍സാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.