ചാത്തമംഗലം: അന്താരാഷ്ട്ര തലത്തിൽ കൂടുതൽ തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന എൻജിനീയറിങ് പ്രോഗ്രാമുകളുടെയും നൂതന സൗകര്യങ്ങളുടെയും ശ്രേണിയിലൂടെ വിദേശ വിദ്യാർഥികളെ ആകർഷിച്ച് എൻ.ഐ.ടി കാലിക്കറ്റ്. പുതുതായി എട്ടു വിദ്യാർഥികൾകൂടി പ്രവേശനം നേടിയതോടെ കാമ്പസിൽ എൻജിനീയറിങ് വിദ്യാഭ്യാസം നേടുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം 28 ആയി.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചർ, മെക്കാനിക്കൽ, ബയോടെക്നോളജി എന്നീ ബി.ടെക് പ്രോഗ്രാമുകളിലാണ് അന്താരാഷ്ട്ര വിദ്യാർഥികൾ പഠിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് (ഐ.സി.സി.ആർ) സ്കീമിലും സ്റ്റഡി ഇൻ ഇന്ത്യ (എസ്.ഐ.ഐ) സ്കീമിലുമാണ് എൻ.ഐ.ടി കാലിക്കറ്റിൽ അന്താരാഷ്ട്ര വിദ്യാർഥികൾ എത്തുന്നത്. നിലവിൽ 17 പേർ ഐ.സി.സി.ആർ സ്കീമിലും 11 പേർ എസ്.ഐ.ഐ സ്കീമിലും പഠനം തുടരുന്നു.
വിദേശ വിദ്യാർഥികളിൽ 15 പേർ ബംഗ്ലാദേശിൽനിന്നും ആറു പേർ യു.എസിൽനിന്നും ഉള്ളവരാണ്. ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് മറ്റുള്ളവർ. ആദ്യമായി കോഴിക്കോട്ട് എത്തുന്ന വിദ്യാർഥികൾക്ക് പ്രാദേശിക തലത്തിൽ സഞ്ചരിക്കാനുള്ള പ്രയാസങ്ങളും ഭാഷാപ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഇന്റർനാഷനൽ സ്റ്റുഡന്റ്സ് ബഡി പ്രോഗ്രാമും എൻ.ഐ.ടി.സി നടപ്പാക്കുന്നുണ്ട്.
വിദേശ വിദ്യാർഥികൾ കൂടുതൽ എത്തുന്നത് ഇൻസ്റ്റിറ്റ്യൂട്ടിന് ആഗോള അംഗീകാരം ഉറപ്പാക്കുന്നതായി സ്ഥാപന മേധാവികൾ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമായ സൗകര്യങ്ങൾ, ഭാഷ-സാംസ്കാരിക സമന്വയം ഉറപ്പുവരുത്താനുള്ള ഓറിയന്റേഷൻ പ്രോഗ്രാമുകൾ എന്നിവ എൻ.ഐ.ടിയെ അന്തർദേശീയ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിൽ പങ്കുവഹിച്ചതായി അവർ അവകാശപ്പെട്ടു.
മൾട്ടി-ഡിസിപ്ലിനറി സെന്ററായ സെന്റർ ഫോർ ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ആർ.എഫ്.എൽ), ഫാക്കൽറ്റി കോഓഡിനേറ്റർമാർ എന്നിവർ വിദേശ വിദ്യാർഥികളുടെ സൗകര്യം ഉറപ്പാക്കാനായി പ്രവർത്തിക്കുന്നതായി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.