പഴയ കോഴിക്കോട് തുറമുഖം; പ്രതാപം തിരിച്ചു പിടിക്കാൻ 25 കോടിയുടെ പദ്ധതി

കോഴിക്കോട്: തെക്കേ കടൽപ്പാലത്തോട് ചേർന്ന് ജീർണാവസ്ഥയിലായ പഴയ കോഴിക്കോട് തുറമുഖത്തിന്‍റെ അവശേഷിക്കുന്ന ഗോഡൗണുകളും മറ്റും നവീകരിച്ച് 25 കോടിയുടെ വിനോദസഞ്ചാര സംവിധാനങ്ങൾ ഒരുക്കാൻ തീരുമാനം.

സൗത്ത് ബീച്ചിലെ അനാഥമായിക്കിടക്കുന്ന മൂന്ന് ഏക്കറോളം വരുന്ന ഭാഗം വിനോദസഞ്ചാരത്തിനുകൂടി ഉപകരിക്കുന്നവിധം വികസിപ്പിച്ചെടുക്കാനാണ് താൽപര്യപത്രം വിളിച്ചതെന്ന് പോർട്ട് ഓഫിസർ അശ്വിനി പ്രതാപ് പറഞ്ഞു.

25 കോടിയോളം ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന വലിയ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ദീർഘ കാലത്തേക്ക് സ്ഥലം സ്വകാര്യ വ്യക്തികൾക്ക് ലീസിന് നൽകി അവിടെ പദ്ധതി നടപ്പാക്കുകയാണ് ഉദ്ദേശ്യം. ഉദ്യാനം, സായാഹ്ന ചന്ത, ആംഫി തിയറ്റർ, വാട്ടർ സ്പോർട്സ് തുടങ്ങി വിവിധ പദ്ധതികളാണ് നിർദേശിച്ചിട്ടുള്ളത്.

തീരദേശ നിയമചട്ടങ്ങളനുസരിച്ച് സ്ഥിരം കെട്ടിടങ്ങളുണ്ടാക്കാത്തവിധമാവും സംവിധാനം. ഈ സ്ഥലത്തോട് ചേർന്ന് ഹോട്ടൽ നിർമാണം പുരോഗമിക്കുന്നുണ്ട്. 12 പേർ താൽപര്യം പ്രകടിപ്പിച്ചതിൽനിന്ന് ആറുപേരെ തിരഞ്ഞെടുത്തിട്ടുണ്ട്. 30 കൊല്ലത്തേക്കെങ്കിലും സ്ഥലം ലീസിന് നൽകേണ്ടി വരും.

കോഴിക്കോട് കടപ്പുറത്തെ വടക്കേ കടൽപാലത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ എം.എൽ.എ ഫണ്ടും മറ്റുമുപയോഗിച്ച് കൾച്ചറൽ ബീച്ചടക്കം വിനോദസഞ്ചാര സംവിധാനങ്ങൾ ഒരുക്കിയത് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ്. ഇതിനായി തുറമുഖ വകുപ്പിന് ഡി.ടി.പി.സി നൽകിയ സ്ഥലങ്ങളിൽനിന്ന് പോർട്ടിന് കാര്യമായ വരുമാനമില്ലെന്നാണ് കണക്ക്.

വിനോദസഞ്ചാര വകുപ്പിന് ഇവിടെ നിന്ന് കാര്യമായ വരുമാനം കിട്ടുന്നുമില്ല. പുതിയ സ്ഥലം നൽകുന്നതോടെ പോർട്ടിന് വരുമാനമാർഗമാവുമെന്നാണ് പ്രതീക്ഷ. മുമ്പ് തെക്കേ കടപ്പുറത്തോട് ചേർന്ന വലിയ ഗോഡൗണും മറ്റുമാണ് ഇപ്പോൾ അപകടാവസ്ഥയിലായത്.

കടപ്പുറത്ത് വരുന്ന നൂറുകണക്കിനാളുകൾ നടക്കുകയും വണ്ടികൾ നിർത്തുകയും ചെയ്യുന്ന റോഡിലേക്ക് തൂങ്ങിയാണ് കെട്ടിടത്തിന്‍റെ നിൽപ്പ്. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച അടിയന്തര യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് പോർട്ട് അധികൃതർ അറിയിച്ചതായി കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു. പുതിയ പദ്ധതി വന്നാൽ ഒഴിഞ്ഞുകിടക്കുന്ന കടപ്പുറത്ത് ലോറികൾ നിർത്തിയിടുന്നത് ഒഴിവാക്കാനുമാവും.

കടൽപാലം പൊളിഞ്ഞുതീരുന്നു

വിനോദസഞ്ചാര പദ്ധതികൾ പലതും വരുമ്പോഴും കോഴിക്കോട് തുറമുഖത്തിന്‍റെ പ്രതാപകാലത്ത്, 1870ൽ നിർമിച്ച കടൽപാലങ്ങൾ സംരക്ഷിക്കാനുള്ള നടപടിയൊന്നും ഇനിയുമായില്ല. സംരക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ തെക്കും വടക്കുമുള്ള രണ്ട് പാലങ്ങളും തകർന്നുകൊണ്ടിരിക്കുന്നു.

നഗരത്തിന്‍റെ പ്രതാപമറിയിക്കാനുള്ള പൈതൃകസമ്പത്തായ ഇവ ഏതാനും കൊല്ലത്തിനകം ഓർമയാവും. കോഴിക്കോട്ടേക്ക് ലോകത്തിന്‍റെ എല്ലാ മേഖലകളിൽനിന്നും കപ്പലുകൾ എത്തിയിരുന്നു.

ക്രെയിനിൽ പൊക്കിയെടുത്ത് കടൽപാലം വഴി എത്തിക്കുന്ന ചരക്കുകൾ നേരിട്ട് വലിയങ്ങാടിയിലേക്ക് കൊണ്ടുപോവാൻ റെയിൽ സംവിധാനങ്ങളുമുണ്ടായിരുന്നു. ബേപ്പൂർ തുറമുഖത്താണ് ഇപ്പോൾ കോഴിക്കോട്ടേക്കുള്ള കപ്പലുകൾ എത്തുന്നത്.

ആലപ്പുഴയിലും തലശ്ശേരിയിലുമുള്ള കടൽപാലങ്ങൾ സംരക്ഷിക്കാൻ പദ്ധതികളുണ്ടെങ്കിലും കോഴിക്കോട്ട് ആ നിലക്ക് നീക്കമൊന്നുമായിട്ടില്ല. മുമ്പ് പാലത്തിലൂടെ കടലിലേക്ക് നടക്കാൻ സംവിധാനമൊരുക്കിയിരുന്നെങ്കിലും കാലുകളെല്ലാം തകർന്നതോടെ അതും നിലച്ചു. നവീകരണം അസാധ്യമാവുംവിധമാണ് പാലങ്ങൾ തകർന്നുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Kozhikode old port-25 crore project to regain the port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.