കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ നവീകരണപ്രവൃത്തികൾ ആരംഭിച്ചു. മണ്ണ് പരിശോധന പൂർത്തിയാക്കി കെട്ടിട സമുച്ചയങ്ങളുടെ നിർമാണത്തിനുള്ള പൈലിങ് അടക്കമുള്ള പ്രവൃത്തി മുന്നേറുകയാണ്. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന ക്വാർട്ടേഴ്സും മറ്റു പഴയ കെട്ടിടങ്ങളും പൊളിച്ചുനീക്കി പുതിയ കെട്ടിടങ്ങളും റോഡും നിർമിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
46 ഏക്കര്‍ സ്ഥലത്താണ് 445.95 കോടി രൂപ ചെലവില്‍ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നത്. നിലവിലെ മുഴുവന്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ടവറുകളിലായി ബഹുനില ക്വാര്‍ട്ടേഴ്സ് നിര്‍മിക്കും. ഇതോടൊപ്പം ഫ്രാൻസിൽ റോഡിൽ നിന്നു തുടങ്ങി വലിയങ്ങാടിയിൽ അവസാനിക്കുന്ന റോഡും നിർമിക്കും. ഇതോടെ റെയിൽവേ സ്റ്റേഷനിലേക്ക് കിഴക്കു നിന്നും പടിഞ്ഞാറു നിന്നും ഒരു പോലെ പ്രവേശിക്കാൻ സാധിക്കും. നിലവിൽ ഫ്രാൻസിസ് റോഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് വഴി ഇല്ലാത്തത് ഏറെ പ്രയാസങ്ങൾക്കിടയാക്കിയിരുന്നു. പുതിയ റോഡ് വരുന്നതോടെ ഇതിന് പരിഹാരമാകും. മാത്രമല്ല, കടപ്പുറം ഭാഗത്തു നിന്ന് വരുന്നവർക്ക് റെയിൽവേ സ്റ്റേഷനിലേക്കെത്താൻ ഈ വഴി ഏറെ സഹായകമാകും.
70,000ത്തിലധികം ആളുകൾ ദിനംപ്രതി കയറിയിറങ്ങുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാരിൽ 40 ശതമാനംവരെ പടിഞ്ഞാറു ഭാഗത്തുനിന്ന് നാലാം പ്ലാറ്റ്ഫോം ഭാഗത്തു കൂടി പ്രവേശിക്കാൻ സാധിക്കുന്നവരാണ്. എന്നാൽ നിലവിൽ സൗകര്യപ്രദമായ വഴിയില്ലാത്തതിനാൽ വലിയങ്ങാടി ഓവർബ്രിഡ്ജ് ചുറ്റിക്കറങ്ങി വരേണ്ട അവസ്ഥയാണ്. ഇതിനു പരിഹാരമായി ഫ്രാൻസിസ് റോഡ് ഭാഗത്തുനിന്നും വലിയങ്ങാടിയിൽനിന്നും പ്രവേശിക്കാൻ കഴിയുന്ന രീതിയിൽ റോഡ് നിർമിക്കണമെന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട് എം.പി എം.കെ. രാഘവനും റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ നവീകരണ പദ്ധതിയിൽ റോഡ് നിർമാണത്തിന് തുക വകയിരുത്തിയത്.
മുംബൈ അന്ധേരി ഗൊരേഗാവ് നിന്നുള്ള നിര്‍മാണക്കമ്പനിയായ വൈ.എഫ്.സിയുടെ നേതൃത്വത്തിലുള്ള കണ്‍സോർട്ട്യമാണ് പ്രവൃത്തിയുടെ കരാര്‍ എടുത്തിരിക്കുന്നത്. സേലം ആസ്ഥാനമായുള്ള റാങ്ക് പ്രോജക്ട്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡും നിർമാണവുമായി സഹകരിക്കും. മൂന്നു വര്‍ഷത്തിനകം നവീകരണം പൂർത്തിയാക്കണമെന്നാണ് കരാർ. നവീകരണപ്രവൃത്തിയുടെ ഭാഗമായി റെയിൽവേയുടെ പല കെട്ടിടങ്ങളും പൊളിച്ചുമാറ്റുകയും ഓഫിസുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ‘എയര്‍ കോണ്‍കോഴ്സ്’ എന്ന ആകാശ ഇടനാഴിയാകും സ്റ്റേഷൻ നവീകരണത്തിലേ പ്രധാന ഹൈലൈറ്റ്. 48 മീറ്റര്‍ വീതിയിലാണ് കോണ്‍കോഴ്സ് വരുന്നത്.
ഇതിനുമുകളില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ടിക്കറ്റ് എടുക്കാത്തവര്‍ക്കും സാധിക്കും. നിലവിലെ അഞ്ചുമീറ്റര്‍ വീതിയിലുള്ള രണ്ടു ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ക്കുപകരം 12 മീറ്റര്‍ വീതിയിലുള്ള രണ്ട് പുതിയ ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവര്‍ബ്രിഡ്ജുകളില്‍നിന്നും കോണ്‍കോഴ്സില്‍നിന്നും സ്കൈവാക് സൗകര്യമുണ്ടാകും. പടിഞ്ഞാറുഭാഗത്ത് 4.2 ഏക്കറില്‍ വാണിജ്യകേന്ദ്രം വരും. പുതിയ സ്റ്റേഷനില്‍ പ്രവേശനത്തിനും പുറത്തേക്കിറങ്ങാനും പ്രത്യേക കവാടങ്ങളായിരിക്കും. മള്‍ട്ടിപ്ലക്സ്, മികച്ച ഓഫിസ് സ്പേസ്, രാജ്യാന്തര നിലവാരമുള്ള റീട്ടെയില്‍ ഔട്ട്ലറ്റുകളുള്ള വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങിയവയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.