കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി ട്രിപിൾ സെഞ്ച്വറിയിലേക്ക്. 300 ാമത്തെ ടൂറിസം യാത്ര മന്ത്രി പി.എ മുഹമ്മദ് റിയാസിനൊപ്പം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ബജറ്റ് ടൂറിസം പദ്ധതി ഭാരവാഹികൾ. ട്രിപിൾ സെഞ്ച്വറി അടിക്കുന്ന യാത്ര സയലന്റ് വാലിയിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. 276 ട്രിപ്പുകൾ ഇതിനകം പൂർത്തിയാക്കി. നിലവിലെ ബുക്കിങ് പ്രകാരം ആഗസ്റ്റ് ആദ്യ വാരത്തിൽ 300ാമത്തെ യാത്ര പുറപ്പെടും.
ബജറ്റ് ടൂറിസം പദ്ധതിക്ക് ജനങ്ങളിൽനിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിൽ നിന്നു 9000ത്തിൽ അധികം പേർ ഇതിനകം കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തി. കോഴിക്കോടുനിന്ന് ഗവിയിലേക്കാണ് ഏറ്റവും കൂടുതൽ പേർ യാത്ര നടത്തിയത്. കുറഞ്ഞ ചെലവിൽ റിസ്ക് അറിയാതെ യാത്ര ആസ്വദിക്കാമെന്നതാണ് പദ്ധതിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്.
2021 ഡിസംബർ 22നാണ് കോഴിക്കോട് നിന്ന് വിനോദ സഞ്ചാര യാത്ര തുടങ്ങിയത്. കോഴിക്കോട് ജില്ലയിൽ നിന്ന് വൈവിധ്യമാർന്ന യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. വനിതകൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കാൻസർ, എയ്ഡ്സ് രോഗികൾ, പകൽ വീട് അന്തേവാസികൾ തുടങ്ങി വിവിധ വിഭാഗം ആളുകൾക്ക് പ്രത്യേകമായി യാത്ര സംഘടിപ്പിക്കുന്നുണ്ട്.
തീർഥാടന കേന്ദ്രങ്ങൾ, വനിത ദിനത്തിൽ വനിതകൾക്കു മാത്രമായി 23 യാത്ര നടത്തി. കർക്കടകവാവ് ദിനത്തിൽ തിരുനെല്ലിയാത്ര, നാലമ്പല യാത്ര, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, ആറൻമുള വള്ള സദ്യ തുടങ്ങിയ യാത്രകളും കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്നുണ്ട്.
16 ന് രാത്രി പത്ത് മണിക്ക് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര പുറപ്പെട്ട് ഒന്നിന് ബലിതർപ്പണം നടത്തി വൈകുന്നേരത്തോടെ തിരിച്ചെത്തും വിധമാണ് തിരുനെല്ലി യാത്ര. കൂടുതൽ വിവരങ്ങൾക്ക്: 9846100728.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.