കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ ബലപ്പെടുത്തൽ പ്രവൃത്തിയുടെ മുന്നോടിയായി തൂണുകളുടെ ബലപരിശോധന തുടങ്ങി. തൂണുകൾ 15 സെൻറി മീറ്റർ തുളച്ച് കമ്പി ഇലക്ട്രോണിക് പരിശോധനക്ക് വിധേയമാക്കുന്ന നടപടിയാണ് ആരംഭിച്ചത്. 18 തൂണുകളാണ് ഇങ്ങനെ തുളച്ച് പരിശോധിക്കുക. മണ്ണുനീക്കി പൈലിങ് പരിശോധനക്ക് പകരമായാണ് നൂതനരീതിയിൽ തൂണുകളുടെ ബലപരിശോധന. മണ്ണ് നീക്കിയാൽ വെള്ളം ഇരച്ചുകയറുന്ന അവസ്ഥയാണിവിടെ. വാഹന പാർക്കിങ് ഏരിയയിലാണ് തൂണുകൾ പരിശോധിക്കുന്നത്. പരിസരത്തെ കിണറിലെ ജലനിരപ്പിന് താഴെയാണ് പാർക്കിങ് എരിയ എന്നതിനാൽ മണ്ണുനീക്കി പരിശോധന നടത്തിയാൽ പ്രളയസാധ്യതയുള്ളതിനാലാണ് ഇലക്ട്രോണിക് പരിശോധന. കെട്ടിടം ബലപ്പെടുത്തുമ്പോൾ ഇനിയും ലോഡ് വർധിക്കും. ഇത് താങ്ങാനുള്ള ശേഷി തൂണുകൾക്കുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. മദ്രാസ് ഐ.ഐ.ടി നിർദേശിച്ച കമ്പനിയാണ് പരിശോധന നടത്തുന്നത്. ഈ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബലപ്പെടുത്തൽ പ്രവൃത്തിക്ക് കരാർ ക്ഷണിക്കുക.
മദ്രാസ് ഐ.ഐ.ടിയുടെ ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെ ഒഴിപ്പിച്ച് ബലപ്പെടുത്തൽ നടത്താനായിരുന്നു സർക്കാർ തീരുമാനിച്ചത്. 2021 സെപ്റ്റംബറിലാണ് കെട്ടിട ബലക്ഷയ റിപ്പോർട്ട് പുറത്തുവന്നതും വിവാദങ്ങൾ തുടങ്ങിയതും. കെ.എസ്.ആർ.ടി.സിയെ ഇനിയും വലിയ ബാധ്യതയിൽ അകപ്പെടുത്തുന്ന പദ്ധതിയാണ് അനിവാര്യമായി വന്നിരിക്കുന്നത്. കെ.ടി.ഡി.എഫ്.സിയാണ് പദ്ധതി നടപ്പിലാക്കുകയെങ്കിലും ഇതിന്റെ ബാധ്യതകൾ കെ.എസ്.ആർ.ടി.സിയെയും ബാധിക്കും. 20 കോടി രൂപ ചെലവിലാണ് ബലപ്പെടുത്തൽ. ഒരു വർഷമായി വാടകയിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കേണ്ട വരുമാനം നിലച്ചിരിക്കുകയാണ്. നിർമാണം കഴിഞ്ഞ് അഞ്ചുവർഷം വെറുതെ കിടന്ന വ്യാപാര സമുച്ചയം 2021 ആഗസ്റ്റിലാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.