നന്മണ്ട: പാലം പണിതിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അപ്രോച്ച് റോഡിനു വേണ്ടിയുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. കാക്കൂർ- നന്മണ്ട ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിപങ്കിടുന്ന കൂളിപ്പൊയിൽ - പനച്ചിങ്ങൽതാഴം റോഡിനാണ് കണ്ടകശനി.
50 വർഷം മുമ്പ് നാട്ടുകാർ മുൻകൈയെടുത്ത് നിർമിച്ച റോഡാണിത്. കാക്കൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലൂടെയും നന്മണ്ട ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലൂടെയുമാണ് റോഡ് കടന്നു പോകുന്നത്.
കാക്കൂർ പഞ്ചായത്ത് പൂർണമായും റോഡ് ഗതാഗതയോഗ്യമാക്കുന്നതിൽ പങ്കാളിത്തം വഹിച്ചെങ്കിലും നന്മണ്ട പഞ്ചായത്തിൽ പൊക്കിടത്തിൽ താഴത്തുവരെ എത്തിയിരിക്കുകയാണ്. 30 മീറ്ററോളം സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നും വിട്ടുകിട്ടിയാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.
കാരക്കുന്നത്തെ മദ്റസയിൽ പോകുന്ന വിദ്യാർഥികളും ജുമാ മസ്ജിദിൽ പോകുന്നവരുമെല്ലാം ദുഷ്ക്കരമായ പാത താണ്ടി വേണം കാരക്കുന്നത്ത് അങ്ങാടിയിലെത്താൻ. അപ്രോച്ച് റോഡ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ഒട്ടനവധി തവണ ഗ്രാമസഭകളിൽ പ്രമേയം അവതരിപ്പിച്ചിരുന്നതാണ്.
''കൂളിപ്പൊയിൽ-പനച്ചിങ്ങൽ റോഡ് യാഥാർഥ്യമാകാത്തത് കാരണം ഒട്ടേറെ പേർ യാത്രാക്ലേശം അനുഭവിക്കുന്നുണ്ട്. കൂളിപ്പൊയിൽ ഭാഗത്തുനിന്നും മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികളാണ് ഏറെയും പ്രയാസപ്പെടുന്നത്. വാർഡ് വികസന സമിതിയിലും ഈ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടല്ല''
-കെ.പി. ശ്രീധരൻ നായർ (പൊതുപ്രവർത്തകൻ)
''റോഡ് യാഥാർഥ്യമാകാൻ 45 മീറ്റർ സ്ഥലം വിട്ടുകൊടുത്തപ്പോൾ പനച്ചിങ്ങൽതാഴം റോഡുമായി കൂട്ടിയോജിപ്പിക്കുമെന്ന വാഗ്ദാനമായിരുന്നു റോഡ് നിർമാണ ചുമതലയുള്ളവർ പറഞ്ഞത്. എന്നാൽ, വാഗ്ദാനം പാഴ്വാക്കായി. പിന്നീട് ഫണ്ടിന്റെ അപര്യാപ്തതയാണ് ചൂണ്ടിക്കാട്ടിയത്. പനച്ചിങ്ങൽ റോഡുമായി യോജിപ്പിക്കാൻ വേണ്ട നടപടികൾ അധികൃതർ പുനരാലോചിക്കണം.''
- അബ്ദുല്ല (പ്രദേശവാസി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.