കോഴിക്കോട്: വർഷങ്ങളോളം സർക്കാറിനു കീഴിൽ പ്രവർത്തിച്ച അശോകപുരത്തെ ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിന്റെ നടത്തിപ്പ് സ്വകാര്യമേഖലക്ക്. അഞ്ചുവർഷത്തോളം അടച്ചിട്ട ഗെസ്റ്റ് ഹൗസ് അടുത്ത വർഷം ജനുവരി ഒന്നുമുതൽ സ്വകാര്യ വ്യക്തിക്ക് നടത്തിപ്പിന് കൈമാറും.
ദ്വീപ് ഭരണകൂടത്തിന്റെ വിവാദ പരിഷ്കാരങ്ങളുടെ ഭാഗമായാണ് അടച്ചിടേണ്ടിവന്നതെന്നാണ് ആരോപണം. ഏഴും എട്ടും വർഷമായി ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ലക്ഷദ്വീപിലെ രോഗികളും വിദ്യാർഥികളുമടക്കം വിവിധ ആവശ്യങ്ങൾക്ക് സംസ്ഥാനത്ത് എത്തുന്ന ദ്വീപ് നിവാസികൾക്ക് താമസിക്കുന്നതിന് നിർമിച്ച കെട്ടിടമാണ് സ്വകാര്യവത്കരിക്കുന്നത്. അമീർ എന്റർപ്രൈസസ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് നടത്തിപ്പ് ചുമതല. ദ്വീപ് നിവാസികൾക്കല്ലാത്തവർക്കും കെട്ടിടം വാടകക്ക് നൽകാനുള്ള നീക്കമുണ്ടെന്ന് ദ്വീപ് നിവാസികൾ പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ അധികൃതർ തയാറായില്ല.
താമസവും ഭക്ഷണവും യാത്രാസൗകര്യവുമെല്ലാം ലഭിക്കും എന്നാണ് ദ്വീപ് നിവാസികളെ അറിയിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ഉദ്യോഗസ്ഥസംഘം എത്തിയാണ് കെട്ടിടം കൈമാറുക.
സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കൊച്ചി െഗസ്റ്റ് ഹൗസിലെ താൽക്കാലിക ജീവനക്കാരെയും കൂട്ടമായി പിരിച്ചുവിടുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ലക്ഷദ്വീപിലെ ജനങ്ങൾ കൈകാര്യംചെയ്തുവരുന്ന പണ്ടാരം ഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ദ്വീപുകളിൽ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടന്നുകൊണ്ടിരിക്കെയാണ് െഗസ്റ്റ് ഹൗസുകളും സ്വകാര്യവത്കരിക്കുന്നത്. പണ്ടാരം ഭൂമി ഏറ്റെടുത്ത് ടൂറിസം വികസിപ്പിക്കുന്നതിന് കോർപറേറ്റുകൾക്ക് നൽകാനാണ് നീക്കമെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.